തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തിൽ പ്രതികരിച്ച് സിപിഎം നേതാക്കൾ. സിപിഎം സംസ്ഥാന കമ്മിറ്റി ചേർന്നതിനു പിന്നാലെയായിരുന്നു നേതാക്കളുടെ പ്രതികരണം. വീണ വിജയനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികൾക്കുമേൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായിട്ടാണിത്. ബിജെപി ഇതര പാർട്ടികളെ ഭയപ്പെടുത്തുന്നതിനായി കേന്ദ്ര ഏജൻസികളെ സർക്കാർ ഉപയോഗിക്കുകയാണ്. കേന്ദ്ര ഏജൻസികളെ നാഷനൽ ഹെറൾഡ് കേസിലും ഉപയോഗിച്ചതാണ്. അതുകൊണ്ട് നാഷനൽ ഹെറൾഡ് കേസിലെ അന്വേഷണം എന്തായെന്ന് വി.ഡി.സതീശൻ മറുപടി നൽകണമെന്നും ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു. ഇതേസമയം, ഇതൊക്കെ കുറെ കണ്ടതാണെന്നും പുതുമയില്ലെന്നുമായിരുന്നു വീണയുടെ ഭർത്താവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിന്റെ പ്രതികരണം. ഇപ്പോൾ ഉയർന്ന ആരോപണങ്ങളെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരികയല്ലേയെന്നും റിയാസ് കൂട്ടിച്ചേർത്തു. ഈ വിഷയം പഠിച്ചിട്ടു പ്രതികരിക്കാമെന്നായിരുന്നു എ.കെ.ബാലന്റെ പ്രതികരണം.
എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണം.