Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹൈറിച്ച് മണി ചെയിൻ: നടന്നത് 1,630 കോടിയുടെ തട്ടിപ്പെന്ന് പൊലീസ്

ഹൈറിച്ച് മണി ചെയിൻ: നടന്നത് 1,630 കോടിയുടെ തട്ടിപ്പെന്ന് പൊലീസ്

തൃശൂർ: ഹൈറിച്ച് മണി ചെയിനിലൂടെ 1,630 കോടിയുടെ തട്ടിപ്പ് നടന്നെന്ന് പൊലീസ്. ചേർപ്പ് എസ്.ഐ എസ്. ശ്രീലാലൻ തൃശൂർ ജില്ല അഡീഷനൽ സെഷൻസ് കോടതിയിൽ (മൂന്ന്) സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേരളം കണ്ട ഏറ്റവും വലിയ മണി ചെയിൻ തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്. നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചതായും ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിൻ തട്ടിപ്പ് നടന്നതെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. ക്രിപ്‌റ്റോ കറൻസി ഉൾപ്പെടെ പേരുകളിൽ വലിയ തോതിൽ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടി. ചേർപ്പ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ സഹോദര സ്ഥാപനമായ അനശ്വര ട്രേഡേഴ്സിന്റെ ഗ്രോസറി വ്യാപാരത്തിലേക്ക് എന്ന പേരിലാണ് ആദ്യം നിക്ഷേപം സ്വീകരിച്ചത്. പിന്നീട് ക്രിപ്റ്റോ കറന്‍സി, ഒ.ടി.ടി തുടങ്ങി വ്യത്യസ്ത മാർഗങ്ങളിലൂടെ പണം ശേഖരിച്ചു. ഉപഭോക്താക്കളുടേതായി 1.63 കോടി ഐ.ഡികളാണ് ഹൈറിച്ചിനുള്ളത്. ഇതില്‍നിന്നാണ് 1,630 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്ന വിലയിരുത്തലിലേക്ക് പൊലീസ് എത്തിയത്.

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളുമുണ്ടെന്ന് പൊലീസ് റിപ്പോർട്ടിലുണ്ട്. ക്രിപ്റ്റോ കറന്‍സി വ്യാപാരം 80 വിദേശ രാജ്യങ്ങളില്‍ നടത്തിയിട്ടുണ്ട്. 12 ലക്ഷം പേരാണ് ഹൈറിച്ചിന്റെ ഒ.ടി.ടിയുള്ളത്. എന്നാൽ, ഇതിലൂടെ റിലീസ് ചെയ്ത ചിത്രം പതിനായിരത്തോളം പേർ മാത്രമാണ് കണ്ടതായി വ്യക്തമായിട്ടുള്ളത്. കണക്കുകൾ പെരുപ്പിച്ച് കാട്ടുകയായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. നിരവധി സാങ്കേതിക കാര്യങ്ങളും പല സംസ്ഥാനങ്ങളിലെ അന്വേഷണവും ആവശ്യമായതിനാൽ ക്രൈംബ്രാഞ്ചിനോ ഉചിതമായ മറ്റേതെങ്കിലും ഏജൻസികൾക്കോ കേസ് കൈമാറണമെന്ന് കാണിച്ച് ജില്ല പൊലീസ് മേധാവിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. നിലവിലെ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നും ചേർപ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

വടകര സ്വദേശി റിട്ട. എസ്.പി പി.എ. വൽസനാണ് സ്ഥാപനത്തിനെതിരെ ചേർപ്പ് പൊലീസിൽ പരാതി നൽകിയത്. ഇതിൽ നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദേശപ്രകാരമാണ് ​അന്വേഷണം ആരംഭിച്ചത്. ഇതിനിടെ സ്ഥാപനത്തിന്റെ എം.ഡി കെ.ഡി. പ്രതാപനെ ജി.എസ്.ടി തട്ടിപ്പ് ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ സ്വത്തുക്കൾ താൽക്കാലികമായി മരവിപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും ബഡ്സ് ആക്റ്റ് കോമ്പിറ്റന്റ് അതോറിറ്റിയുമായ സഞ്ജയ് കൗൾ തൃശൂർ ജില്ല കലക്ടർക്ക് നിർദേശം നൽകി. തുടർന്ന് 2023 ഡിസംബർ ഏഴിന് സ്ഥാവര ജംഗമ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും അടക്കം മരവിപ്പിച്ചു. ഈ നടപടി പുനഃപരിശോധിക്കണമെന്നാവ​​ശ്യപ്പെട്ട് കമ്പനിയും എം.ഡി കെ.ഡി. പ്രതാപനും ഡയറക്ടർ ശ്രീന പ്രതാപനും നൽകിയ കേസിലാണ് പൊലീസ് അ​ന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com