ഇംഫാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് തുടക്കമായി. തൗബാൽ ജില്ലയിലെ മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ഉച്ചക്ക് 12നാണ് ഫ്ലാഗ് ഓഫ് നടത്തി ഇന്ന് തന്നെ മണിപ്പൂരിലെ പര്യടനം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഏറെ വൈകിയാണ് രാഹുലും സംഘവും മണിപ്പൂരിലെത്തിയത്. ഡൽഹിയിലെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇംഫാലിലേക്കുള്ള കോൺഗ്രസ് നേതാക്കൾ യാത്ര ചെയ്യുന്ന പ്രത്യേക വിമാനം പുറപ്പെടാൻ വൈകുകയായിരുന്നു.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര നടത്തിയ രാഹുല്‍ ഗാന്ധി കിഴക്കു നിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന യാത്രയാണിത്. 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ഉത്തർപ്രദേശില്‍മാത്രം പതിനൊന്നു ദിവസം രാഹുല്‍ യാത്ര നടത്തും. 66 ദിവസം കൊണ്ട് 6713 കിലോമീറ്റർ നീളുന്ന യാത്ര മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.ആദ്യ യാത്ര കാല്‍നടയായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ യാത്ര ബസിലായിരിക്കും. ചിലയിടങ്ങളിൽ നടന്നും മറ്റ് വാഹനങ്ങളിലുമെല്ലാം രാഹുല്‍ സഞ്ചരിക്കും. വിവിധ വിഭാഗങ്ങളിലെ ആളുകളുമായി രാഹുല്‍ സംവദിക്കും. പ്രമുഖരുമായി കൂടിക്കാഴ്ചയും രാഷ്ട്രീയ ചർച്ചകളും ഉണ്ടാകും.