ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കളമൊരുക്കി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മുംബൈയില്‍ സമാപിക്കും. മുംബൈ ശിവാജി പാര്‍ക്കില്‍ ഇന്ന് വൈകിട്ടാണ് ജോഡോ യാത്രയുടെ സമാപന സമ്മേളനം. ഇന്‍ഡ്യ മുന്നണി നേതാക്കള്‍ അടക്കം സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
മണിപ്പൂരില്‍ നിന്നും ജനുവരി 14 ആരംഭിച്ച യാത്ര 15 സംസ്ഥാനങ്ങളിലൂടെയാണ് പിന്നിട്ടാണ് പര്യടനം മുംബൈയില്‍ പൂര്‍ത്തിയാക്കുന്നത്. യാത്രയില്‍ ഉടനീളം വലിയ സ്വീകരണം യാത്രക്ക് ലഭിച്ചിരുന്നു.
ഇന്നലെ താനെയിലും ധാരാവിയിലും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും ജാഥയില്‍ അണിനിരന്നു. ദാദറിലെ അംബേദ്കര്‍ സ്മൃതി മണ്ഡലത്തിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്ലോട്, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരും ചൈത്യ ഭൂമിയില്‍ എത്തി. ജയ് ഭീം മുഴക്കിയും പ്രതിജ്ഞ ചൊല്ലിയും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും യാത്രയുടെ അവസാന ദിവസം അവിസ്മരണീയമാക്കി.
ഇന്ന് നടക്കുന്ന സമ്മേളനവും മെഗാ റാലിയും ഇന്‍ഡ്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് ശക്തിപ്രകടനമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇന്‍ഡ്യ മുന്നണി നേതാക്കളായ എം.കെ. സ്റ്റാലിന്‍, ശരത് പവാര്‍, ഉദ്ധവ് താക്കറെ, തേജസ്വി യാദവ്, അഖിലേഷ് യാദവര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ശിവാജി പാര്‍ക്കില്‍ വൈകുന്നേരം അഞ്ചിനാണ് സമാപനം. ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ എത്തിയാല്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികള്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.