ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത പ്രതിപക്ഷം, നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ബിജെപിയെ സഹായിക്കുമെന്ന് കുറ്റപ്പെടുത്തി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, എൻസിപി തുടങ്ങിയ രാഷ്ട്രീയ കക്ഷികളാണ് തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി നടത്തുന്നത് പ്രധാനമന്ത്രി എല്ലായിടത്തും പര്യടനം നടത്താൻ ആഗ്രഹിക്കുന്നതുകൊണ്ടാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി. ‘‘ഞാൻ പന്ത്രണ്ടോളം തിരഞ്ഞെുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. പലപ്പോഴും നാലു ഘട്ടം പോലും ഉണ്ടായിട്ടില്ല. ചിലപ്പോഴെല്ലാം ഒറ്റഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടത്തിയിട്ടുമുണ്ട്. തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി നടത്താൻ തീരുമാനിച്ചത് പ്രധാനമന്ത്രിക്ക് എല്ലായിടത്തും പര്യടനം നടത്തുന്നതിന് വേണ്ടിയാണ്.’’ – ഖർഗെ പറഞ്ഞു.
ഒന്നോ രണ്ടോ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന ബംഗാൾ സർക്കാരിന്റെ ആവശ്യം കേന്ദ്രം ചെവിക്കൊണ്ടില്ലെന്ന് തൃണമൂലും കുറ്റപ്പെടുത്തി. ഒന്നിൽക്കൂടുതൽ ഘട്ടങ്ങളായി നടത്തുന്ന തിരഞ്ഞെടുപ്പ് വലിയ പാർട്ടിക്കാരെ മാത്രമേ സഹായിക്കൂ. അത് അവർക്ക് മുൻതൂക്കം നൽകുമെന്ന് പശ്ചിമ ബംഗാൾ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.