ലഖ്നോ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ദിനമായ ജനുവരി 22ന് രാജ്യത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധി. ഉച്ചക്ക് 2.30 വരെയാണ് അവധി. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും ഉച്ചവരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്. ജീവനക്കാർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവധി.രാമക്ഷേത്ര പ്രതിഷ്ഠ ദിനമായ ജനുവരി 22ന് എല്ലാ കോടതികൾക്കും അവധി നൽകണമെന്ന ആവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. അയോധ്യയിലെ ചടങ്ങുകളിലും മറ്റ് ഇടങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിന് അവധി നൽകണമെന്നാണ് ആവശ്യപ്പെട്ടത്.
അടിയന്തരമായി പരിഗണിക്കേണ്ട കേസുകൾക്ക് പ്രത്യേക സംവിധാനമൊരുക്കുകയോ തൊട്ടടുത്ത ദിവസത്തേക്ക് മാറ്റുകയോ ചെയ്യാമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് സംഘടിപ്പിക്കും. രാജ്യത്തുടനീളമുള്ള രാഷ്ട്രീയക്കാർ, വ്യവസായികൾ, സെലിബ്രിറ്റികൾ,വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ എന്നിവരുൾപ്പെടെ 7,000ത്തിലധികം ആളുകൾ ഉദ്ഘാടനത്തിൽ പങ്കെടുക്കും. പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ഏഴ് ദിവസചടങ്ങുകൾ ചൊവ്വാഴ്ച അയോധ്യയിൽ ആരംഭിച്ചു.