നടി ശ്രീവിദ്യയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോണിയായി ഗണേഷ് കുമാറിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കീമോ തെറാപ്പിക്കു വിധേയയായ കാലത്ത് ശ്രീവിദ്യ ഇത്തരത്തിൽ ഒരു വിൽപത്രം തയാറാക്കിയെന്നത് വിശ്വസിക്കാൻ പ്രയാസമാണ്. ശ്രീവിദ്യയുടെ ലക്ഷക്കണക്കിനു രൂപയുടെ സ്വത്തിന് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും, സഹോദരൻ ശങ്കറിനെയും കുടുംബത്തെയും ശ്രീവിദ്യയിൽ നിന്ന് അകറ്റി നിർത്താൻ ഗണേഷ്കുമാർ ശ്രമിച്ചെന്നും വിജയലക്ഷ്മി ആരോപിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നൃത്ത വിദ്യാർഥികൾക്ക് ട്രസ്റ്റ് വഴി സഹായം നല്‍കണമെന്ന വിൽപത്രത്തിലെ പ്രധാന നിർദേശം നടപ്പാക്കിയിട്ടില്ല. 15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് ഡിപ്പോസിറ്റും 580 ഗ്രാം സ്വർണവും ഒന്നര കിലോഗ്രാം വെള്ളിയും കാറും അടക്കമുള്ള സമ്പാദ്യങ്ങളുള്ളതായി വിൽപത്രത്തിലുണ്ട്. ഇവയ്ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല. ശ്രീവിദ്യയുടെ നിരവധി സ്വത്തുവകകൾ വിൽപത്രത്തിൽ ഉൾപ്പെട്ടിട്ടില്ല. ശ്രീവിദ്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന ട്രസ്റ്റ്, അത് നടപ്പാക്കാൻ നടപടിയുണ്ടാകണമെന്നും ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയലക്ഷ്മി ആവശ്യപ്പെട്ടു.