ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്രയ്ക്ക് അനുമതി നിഷേധിച്ചതായി കോൺഗ്രസ്. ഗുവാഹട്ടിയിലേക്ക് പ്രവേശിക്കാൻ അസം മുഖ്യമന്ത്രി അനുമതി നൽകുന്നില്ല എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാഹുൽ ഗാന്ധിക്ക് മാധ്യമങ്ങളുമായി സംസാരിക്കാനും അനുമതി നൽകുന്നില്ല. യാത്രയ്ക്ക് ലഭിച്ച പിന്തുണയിൽ അസം മുഖ്യമന്ത്രി അസ്വസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു.
ഗുവാഹട്ടിയിലേക്ക് പ്രവേശിക്കുന്നതിന് അനുമതി തേടി ഗുവാഹത്തി ഡെപ്യൂട്ടി ഇന്റലിജൻസിന് കത്തയച്ചിരുന്നു അസം പ്രതിപക്ഷ നേതാവായ ദേബബ്രത സൈകിയ പറഞ്ഞു. എന്നാൽ ഖാനപാര, ബാസിസ്ത, ലോഹ്‌റ, ഗാർചുക്ക് തുടങ്ങിയ പ്രദേശങ്ങളിൽ മാത്രമേ യാത്ര അനുവദിക്കൂവെന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
അതേസമയം ഭാരത് ജോഡോ ന്യായ് യാത്ര വാഹനങ്ങൾക്ക് നേരെ മുഖ്യമന്ത്രി ആക്രമണം അഴിച്ചുവിട്ടതായി കോൺഗ്രസ് ആരോപിച്ചു. യാത്രയെ സ്വീകരിക്കാൻ തയ്യാറാക്കിയ കട്ടൗട്ടുകൾ കയറ്റി വന്ന ട്രക്കുകൾ ബിജെഐഎം പ്രവർത്തകർ തകർത്തു. മല്ലികാർജുൻ ഖാർഗെയുടെ ചിത്രങ്ങൾ വികൃതമാക്കുകയും ഗാന്ധിയുടെ ചിത്രം പതിച്ച ബാനറുകളും കട്ടൗട്ടുകളും നശിപ്പിക്കുകയും ചെയ്തു
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ആക്രമണമുണ്ടായതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഹിമന്ത ബിശ്വ ശർമ്മ എത്രമാത്രം കോൺഗ്രസിനെ ഭയക്കുന്നു എന്നതിന് തെളിവാണിതെന്നും പറഞ്ഞു. കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ ഇതിനെതിരെ പ്രതികരിച്ചിരുന്നു.