തിരുവനന്തപുരം: കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വീകാര്യത വര്‍ദ്ധിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ മോദിയെ കാണാനെത്തിയെന്നും അദ്ദേഹം പറഞ്ഞു.ഡിവൈഎഫ്‌ഐ മനുഷ്യചങ്ങല പരിപാടിയെ സുരേന്ദ്രന്‍ പരിഹസിച്ചു. മനുഷ്യച്ചങ്ങല പൊളിഞ്ഞു. മനുഷ്യച്ചങ്ങല നനഞ്ഞ പടക്കമായി. കേന്ദ്ര അവഗണന പൊതുജനം വിശ്വസിക്കില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ ഇരട്ടി തുക ലഭിച്ചു. തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുക മോദിയുടെ ഗ്യാരണ്ടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപിക്ക് സംസ്ഥാനത്ത് എ ക്ലാസ് മണ്ഡലങ്ങളില്ല. 20 മണ്ഡലങ്ങളിലും ഒരു പോലെ പ്രതീക്ഷയുണ്ട്. എ ക്ലാസ് മണ്ഡലമെന്ന പ്രചരണം അസംബന്ധമാണ്. സ്ഥാനാര്‍ത്ഥിയെ ചീരുമാനിക്കുക കേന്ദ്ര നേതൃത്വമാണ്. വിജയ സാധ്യത അനുസരിച്ച് ആയിരിക്കും തീരുമാനം. പ്രാഥമിക പട്ടിക ഉടന്‍ തയ്യാറാക്കും. ഓരോ മണ്ഡലത്തിലും മൂന്ന് പേരുകള്‍ ഉണ്ടാവും. സംസ്ഥാന നേതൃത്വം പട്ടിക കൈമാറും. അന്തിമ തീരുമാനം എടുക്കുക കേന്ദ്ര നേതൃത്വമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.ലാവ്ലിന്‍ കേസ് ഒത്തുതീര്‍പ്പാക്കിയത് കോണ്‍ഗ്രസാണ്. മാസപ്പടി വിവാദം ഒതുക്കിയതും കോണ്‍ഗ്രസാണ്. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വി.ഡി സതീശന്‍ ഗൂഢാലോചന നടത്തി. സതീശന്‍ എഴുന്നേറ്റു പോയപ്പോഴാണ് കുഴല്‍നാടന്‍ വിഷയം സഭയില്‍ സംസാരിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മാസപ്പടി വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളത്. മാസപ്പടി വിവാദം പിണറായി വിജയന് എതിരെ മാത്രമല്ല. ചെന്നിത്തലക്കും കുഞ്ഞാലിക്കുട്ടിക്കും രക്ഷപ്പെടാന്‍ കഴിയില്ല. ഇന്ത്യ മുന്നണിയുടെ ശരിയായ മുഖം ബോധ്യമാകാന്‍ കേസ് അന്വേഷിക്കണമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.