ജയ്പൂർ: രാജസ്ഥാനിലെ ബാർമറിൽ നിന്നുള്ള രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽപി) അധ്യക്ഷൻ ഹനുമാൻ ബേനിവാളിൻ്റെ വിശ്വസ്തൻ ഉമ്മേദ റാം ബേനിവാൾ കോൺഗ്രസിൽ ചേർന്നു. ഇതോടെ ആര്‍എല്‍പി കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ബാർമർ സില പരിഷത്ത് അംഗമായ റാം ബെനിവാൾ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ ബൈതു മണ്ഡലത്തിൽ നിന്ന് രണ്ട് തവണ ആർഎൽപി സ്ഥാനാർത്ഥിയായി മത്സരിച്ചു.
അതിർത്തി ജില്ലകളായ ബാർമർ, ബലോത്ര എന്നിവിടങ്ങളിൽ ആർഎൽപിയുടെ പ്രമുഖ മുഖമായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും 2023ലെ തിരഞ്ഞെടുപ്പിൽ 910 വോട്ടിൻ്റെ നേരിയ വ്യത്യാസത്തിൽ അദ്ദേഹം കോൺഗ്രസ് എംഎൽഎ ഹരീഷ് ചൗധരിയോട് തോറ്റു. കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഗോവിന്ദ് സിംഗ് ദോതസ്ര പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്ത് റാം ബെനിവാളിനെ സ്വാഗതം ചെയ്തു.
അദ്ദേഹത്തിന്റെ വരവ് കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നും കർഷകർ, ദലിതർ, ദുർബല വിഭാഗങ്ങൾ എന്നിവരുടെ പ്രശ്നങ്ങൾ ഫലപ്രദമായി ഉന്നയിക്കാൻ തങ്ങളെ സഹായിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും ഗോവിന്ദ് സിംഗ് പറഞ്ഞു. നാഗൗർ ജില്ലയിൽ നിന്നുള്ള മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ജസ്സാ റാം ചൗധരിയും കോൺഗ്രസിൽ ചേർന്നു.