തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ആറു ഗഡു ഡി.എ അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സെക്രട്ടേറിയറ്റ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചു. അതേസമയം പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് അടിയന്തരഘട്ടത്തിൽ അല്ലാതെ അവധി അനുവദിക്കരുതെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു