അങ്കാറ: സ്വീഡന്റെ നാറ്റോ അംഗത്വത്തിന് ഒരു വർഷത്തിലേറെയായി കീറാമുട്ടിയായിനിൽക്കുന്ന തടസ്സം ഒഴിവാക്കി തുർക്കി. സ്വീഡന്റെ അംഗത്വത്തിന് തുർക്കി പാർലമെന്റ് അംഗീകാരം നൽകി.
യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെയായിരുന്നു സ്വീഡൻ നാറ്റോ അംഗത്വത്തിന് അപേക്ഷ നൽകിയത്. എന്നാൽ, കുർദ് വിമതർക്ക് നൽകുന്ന പിന്തുണയുടെ പേരിൽ അംഗരാജ്യമായ തുർക്കി ഇതിനെ എതിർത്തു.
നീണ്ട മധ്യസ്ഥ ചർച്ചകൾക്കൊടുവിൽ സ്വീഡന്റെ നീക്കത്തെ പിന്തുണക്കാൻ തുർക്കി സമ്മതിക്കുകയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗിക രേഖയിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഒപ്പുവെക്കും. ഇതോടെ, അംഗീകാരം നൽകാത്ത ഏക അംഗം ഹംഗറി മാത്രമാകും.
തുർക്കിയുടെ നീക്കത്തെ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് സ്വാഗതം ചെയ്തു. ഏറെയായി അസ്വാരസ്യം തുടരുന്ന ഹംഗറി-സ്വീഡൻ ബന്ധം ഊഷ്മളമാകുന്ന സൂചന നൽകി വരുംദിവസം സ്വീഡിഷ് ഭരണമേധാവി ഹംഗറിയിലെത്തുന്നുണ്ട്. ചർച്ചയിൽ വിഷയം തീരുമാനമായേക്കും.