ബംഗളൂരു: രാജിവെച്ച് കോൺഗ്രസിലേക്ക് പോയ ജഗദീഷ് ഷെട്ടാർ ബി.ജെ.പിയിൽ തന്നെ തിരിച്ചെത്തി. ഒരുവർഷത്തിന് ശേഷമാണ് ഷെട്ടാർ തട്ടകത്തിൽ തിരിച്ചെത്തിയത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷെട്ടാർ ബി.ജെ.പി വിട്ടത്. തൊട്ടുപിന്നാലെ കോൺഗ്രസിൽ ചേരുകയും ചെയ്തു. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഡൽഹിയിലെ ബി.ജെ.പിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ഷെട്ടാർ വീണ്ടും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ചടങ്ങിൽ കർണാടകയിലെ ബി.ജെ.പി യൂനിറ്റ് നേതാവ് ബി.വൈ. വിജയേന്ദ്ര, മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ എന്നിവരുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പിയിൽ തിരിച്ചെത്തിയതെന്ന് ഷെട്ടാർ പറഞ്ഞു.
ചില പ്രശ്നങ്ങൾ മൂലമാണ് താൻ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നതെന്നും. കഴിഞ്ഞ എട്ടുമാസമായി ഒരുപാട് ചർച്ചകൾ നടക്കുകയാണെന്നും ബി.ജെ.പി പ്രവർത്തകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാർട്ടിയിലേക്ക് മടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. യെദിയൂരപ്പയും തന്റെ മടക്കം ഒരുപാട് ആഗ്രഹിച്ചുവെന്നും ഷെട്ടാർ പറഞ്ഞു.കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ 68 കാരനായ ഷെട്ടാർക്ക് കോൺഗ്രസ് സീറ്റ് നൽകിയിരുന്നു. ഹുബ്ലി ദ്വാരക മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ അദ്ദേഹം ബി.ജെ.പി സ്ഥാനാർഥിയായ മഹേഷ് തെങ്ങിനകയോട് 34000 വോട്ടുകൾക്ക്പ രാജയപ്പെട്ടു. ബി.ജെ.പി വോട്ടർമാരെ പണം നൽകി സ്വാധീനിച്ചുവെന്നും ആ തന്ത്രത്തിനു മുന്നിലാണ് താൻ പരാജയപ്പെട്ടതെന്നായിരുന്നു അതിന് ഷെട്ടാർ നൽകിയ മറുപടി.ഷെട്ടാർ തങ്ങളെ തെറ്റിദ്ധരിച്ചതാണെന്നും അദ്ദേഹത്തെ രാജ്യസഭ അംഗമാക്കാനും കേന്ദ്രമന്ത്രിയാക്കാനുമായിരുന്നു പദ്ധതിയെന്നും പിന്നീട് ബി.ജെ.പി വ്യക്തമാക്കുകയുണ്ടായി.