Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേന്ദ്ര ഇടപെടൽ: ഗവർണർക്ക് ഇനി സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ലസ് സുരക്ഷ

കേന്ദ്ര ഇടപെടൽ: ഗവർണർക്ക് ഇനി സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ലസ് സുരക്ഷ

കൊല്ലം∙ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിലിരുന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധിച്ച സംഭവത്തിനു പിന്നാലെ ഗവർണർക്ക് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ലസ് സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാജ്ഭവനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യമറിയിച്ചു.

സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ഓഫിസിൽനിന്നും ഗവർണറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കിയതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഉപരാഷ്ട്രപതി ജഗ്ധീപ് ധൻകർ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഗവർണറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കി.

റോഡരികിലിരുന്നുള്ള പ്രതിഷേധത്തിനിടെ തന്നെ കേന്ദ്ര അഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലും കാര്യങ്ങൾ അറിയിച്ചു. ഇതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടൽ. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ റജിസ്റ്റർ‌ ചെയ്ത എഫ്ഐആറിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് രാജ്ഭവൻ കൈമാറി.

സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിനു റിപ്പോർട്ടു നൽകുമെന്നും ഗവർണർ അറിയിച്ചു. ഇതിന്റെ തുടർനടപടികൾ എന്താകുമെന്നതിൽ ആകാംക്ഷയുണ്ട്. സംസ്ഥാന സർക്കാർ– ഗവർണർ പോരിലേക്ക് കേന്ദ്രം ഇടപെടുന്നതിന്റെ സൂചനയാകും ഇതെന്നും വിലയിരുത്തലുണ്ട്.

അതേസമയം, ഗവർണറുടെ നടപടികൾ കേന്ദ്രനിർദേശപ്രകാരമാണെന്ന ആരോപണവുമായി മന്ത്രി എം.ബി.രാജേഷും രംഗത്തെത്തി. ശിശുസഹജമായ അദ്ദേഹത്തിന്റെ കൗതുകങ്ങളോ വാശിയോ മാത്രമായി ഇതിനെ കാണാനാവില്ല. കാരണം, പ്രതിഷേധത്തിനു തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രതികരണം വന്നു. ഗവർണറുടെ പ്രകടനത്തിന് കേന്ദ്രമന്ത്രിയുടെ പക്കമേളം തൊട്ടുപിന്നാലെ വരുമ്പോൾ അതു കാണിക്കുന്നത് വിപുലമായ രാഷ്ട്രീയ അജൻഡ‍യാണ്. തിരഞ്ഞെടുപ്പിലേക്ക് പോകുകയാണെന്നാണ് മനസ്സിലാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

കൊല്ലം നിലമേലിൽ പ്രകടനം നടത്തിയ എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്യാത്തതിലാണ് കാറിൽ നിന്നിറങ്ങി കസേരയിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതിഷേധിച്ചത്. പൊലീസിനെ രൂക്ഷഭാഷയിൽ ശകാരിക്കുകയും ചെയ്തു. 12 പേരെ അറസ്റ്റു ചെയ്തെന്നു പൊലീസ് പറഞ്ഞെങ്കിലും ഏകദേശം അൻപതോളം പേരുണ്ടായിരുന്നെന്നും അവരെയെല്ലാം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ പ്രതിഷേധം.

എഫ്ഐആർ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ എഫ്ഐആർ കണ്ടതിനു ശേഷമാണ് ഗവർണർ കാറിൽ കയറി കൊട്ടാരക്കരയിലെ പരിപാടിയിലേക്കു പോയത്. 17 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാരാണ് പ്രകടനക്കാരെ നിരത്തിൽ എത്തിക്കുന്നതെന്നും ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com