ലാഹോർ: പാകിസ്താനിലെ പൊതു തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ പാകിസ്താൻ മുസ്‍ലിം ലീഗ് (പി.പി.പി എൻ) നേതാവ് നവാസ് ശരീഫ് പ്രധാനമന്ത്രി ആകുമെന്ന് റിപ്പോർട്ട്. പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയും ആസിഫ് അലി സർദാരിയും (പിഎംഎൽ-എൻ) പ്രസിഡൻ്റ് ഷെഹ്ബാസ് ശരീഫുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഈ വിവരം പാക് മാധ്യമങ്ങൾ പുറത്തു വിട്ടത്. കേവല ഭൂരിപക്ഷമായ 133 സീറ്റിലെത്താൻ ഒരുപാർട്ടിക്കും കഴിയാത്ത സാഹചര്യത്തിൽ ചെറുകക്ഷികളുടെ നിലപാട് നിർണായകമായിട്ടുണ്ട്. സഖ്യത്തിന് ഇരു പാർട്ടികളും ധാരണയായാൽ രാഷ്ട്രപതിയുടെയും സ്പീക്കറുടെയും സ്ഥാനങ്ങൾ സഖ്യകക്ഷികൾക്കായി നീക്കിവെക്കാനാണ് തീരുമാനം.
അതുപോലെ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം മുത്തഹിദ ക്വാമി മൂവ്‌മെൻ്റ്-പാകിസ്താന് (എംക്യുഎം-പി) നൽകാനാണ് സാധ്യത. സെനറ്റ് തെരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷികളുമായി കൂടിയാലോചിച്ച് സെനറ്റ് ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള നോമിനേഷൻ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷൻ ഒടുവിൽ ഫലം പ്രഖ്യാപിച്ചപ്പോൾ ഇമ്രാൻ ഖാന്റെ പി.ടി.ഐ പിന്തുണയുള്ള സ്വതന്ത്രർ 101 സീറ്റുകൾ നേടി ഒന്നാമതെത്തിയിട്ടുണ്ട്. പി.എം.എൽ (എൻ) 75, പി.പി.പി 54, മുത്തഹിദ ക്വാമി മൂവ്‌മെൻ്റ് 17, മറ്റുള്ളവർ 12 എന്നിങ്ങനെയാണ് കക്ഷിനില. പി.എം.എൽ (എൻ) പ്രതിനിധി സംഘത്തിൽ അസം നസീർ തരാർ, അയാസ് സാദിഖ്, അഹ്‌സൻ ഇഖ്ബാൽ, റാണ തൻവീർ, ഖവാജ സാദ് റഫീഖ്, മാലിക് അഹമ്മദ് ഖാൻ, മറിയം ഔറംഗസേബ്, ഷാസ ഫാത്തിമ എന്നിവരും ഉണ്ടായിരുന്നു.