തിരുവനന്തപുരം: കേരളത്തിൽ മുടങ്ങാതെ നടക്കുന്നത് ക്ളിഫ് ഹൗസ് നവീകരണം മാത്രമാണെന്ന് സഭയിൽ വിമർശനവുമായി പ്രതിപക്ഷം. സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി സംബന്ധിച്ച് നിയമസഭയിൽ പുരോഗമിക്കുന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് വിമർശനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കർട്ടൻ സ്ഥാപിക്കുന്നതിന് ഏഴുലക്ഷം രൂപ ചെലവാക്കിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കർട്ടൻ സ്വർണം പൂശിയതാണോയെന്ന് കെ കെ രമ പരിഹസിച്ചു. ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണിതെന്നും പ്രതിപക്ഷം വിമർശിച്ചു.പഞ്ചായത്തിൽ പുല്ല് വെട്ടിയാൽ പോലും കൊടുക്കാൻ കാശില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഈ തറവാട് നിങ്ങൾ മുടിപ്പിക്കുകയാണോ? ജിഎസ്‌ടി വകുപ്പിലെ ജീവനക്കാർ വെറുതെയിരിക്കുന്നു. പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ പിടിപ്പുകേട്. കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസയായി. പലരും പല കണക്കും പറയുന്നു. ശരിക്കും കേന്ദ്രം തരാനുള്ളത് എത്രയെന്നും വി ഡി സതീശൻ ചോദിച്ചു.സംസ്ഥാനത്ത് അധിക ചെലവാണ് നടക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും വിമർശിച്ചു. ഒന്നിനും പൈസയില്ല. പുണ്യാളൻ കാത്തോളുമെന്ന് പറഞ്ഞിരുന്നാൽ പോരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റോജി എം ജോണും പറഞ്ഞു. ധനസ്ഥികി മോശമാകാൻ കാരണം ഇടതുസർക്കാരാണെന്നും റോജി കുറ്റപ്പെടുത്തി.
അതേസമയം, ക്ളിഫ് ഹൗസിൽ കാലിത്തൊഴുത്ത് ആദ്യമായിട്ടാണോ നടത്തുന്നതെന്ന് സിപിഎം നേതാവും എം എൽ എയുമായ കെ ബാബു ചോദിച്ചു. കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ നീന്തൽ കുളങ്ങൾ ഉണ്ടായിരുന്നില്ലേയെന്നും കെ ബാബു പറഞ്ഞു. ഒന്നിനും പണമില്ലെന്ന വാദം ശരിയല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിനുള്ള ഗ്രാന്റ് കുറഞ്ഞു. ഇത് ആർ ബി ഐ റിപ്പോർട്ടിലുള്ളതാണ്. 30,000 കോടിയിൽ നിന്ന് 15,000 കോടിയായി. ട്രഷറിയിൽ പൂച്ചപെറ്റ് കിടക്കുകയല്ല. കിട്ടേണ്ട കണക്കിൽ സംശയം വേണ്ട. കേരളം നിശ്ചലമാകുന്ന അവസ്ഥയില്ല. എന്നാൽ സാമ്പത്തിക ഫെഡറലിസം കേന്ദ്രം തകർത്തു. നികുതി, സാമ്പത്തിക അവകാശങ്ങൾ വെല്ലുവിളിക്കപ്പെടുന്നുവെന്നും ബാലഗോപാൽ ആരോപിച്ചു.