103-ാം വയസ്സിൽ 49കാരിയെ വിവാഹം ചെയ്ത് സ്വാതന്ത്ര്യ സമര സേനാനിയായ ഹബീബ് നാസർ. ഫിറോസ് ജഹാനെയാണ് ഭോപ്പാൽ സ്വദേശിയായ ഹബീബ് വിവാഹം ചെയ്തത്. കഴിഞ്ഞവർഷമാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നതെങ്കിലും ഏതാനും ആഴ്ചകൾക്കു മുൻപ് ഇവരുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. വിവാഹത്തിനുശേഷം ഇരുവരും വീട്ടിലേയ്ക്ക് മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയത്.
ഹബീബിന്റെ മൂന്നാമത്തെ വിവാഹമാണിത്. രണ്ടാം ഭാര്യയുടെ മരണശേഷം ജീവിതത്തിൽ വളരെയധികം ഒറ്റപ്പെടൽ തോന്നിയതോടെയാണ് പുതിയൊരു ജീവിതപങ്കാളിയെ കണ്ടെത്താൻ തീരുമാനിച്ചതെന്ന് ഹബീബ് പറയുന്നു. ഫിറോസ് ജഹാന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭർത്താവിന്റെ മരണശേഷം ഫിറോസും തികച്ചും ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. കൂടാതെ, പ്രായാധിക്യമുള്ള ഹബീബിനെ പരിചരിക്കാൻ ആരുമില്ലെന്ന തിരിച്ചറിവാണ് ഇത്തരം ഒരു തീരുമാനത്തിലേയ്ക്ക് ഫിറോസിനെ നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഒന്നിനും ഒരു കുറവും ഇല്ലെന്നും കുറവ് മനുഷ്യന്റെ ഹൃദയത്തിൽ മാത്രമാണ് തോന്നുന്നതെന്നും വിവാഹശേഷം ഒരുമിച്ചുള്ള വിഡിയോയിൽ ഹബീബ് പറയുന്നു. ചുറ്റും കൂടിയവർ അപൂർവ ദമ്പതികളെ അഭിനന്ദിക്കുന്നുമുണ്ട്. നാസിക് സ്വദേശിനിയായിരുന്നു ഹബീബിന്റെ ആദ്യ ഭാര്യ. അവരുടെ മരണശേഷം ലക്നൗ സ്വദേശിനിയെ വിവാഹം ചെയ്തു. രണ്ടാം ഭാര്യയും പിന്നീട് മരണപ്പെടുകയായിരുന്നു.