കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ഉൾപ്പെടുത്തിയാണ് കേസ്. എറണാകുളം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. വിഷയത്തിൽ പ്രതികരണവുമായി ആളൂർ രംഗത്തെത്തി. പരാതി കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹം പറഞ്ഞത്.
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച നിരവധി കുറ്റകൃത്യങ്ങളിലെ പ്രതികൾക്കായി പലതവണ വക്കാലത്ത് സ്വമേധയാ ഏറ്റെടുത്തിട്ടുള്ളയാളാണ് ആളൂർ. ഇതിന് പിന്നിൽ കുപ്രസിദ്ധി നേടാനുള്ള നീക്കമാണെന്ന തരത്തിൽ പലവിധ അഭിപ്രായങ്ങളും ഉയർന്ന് വന്നിട്ടുണ്ട്. ഇത്തരത്തിൽ ആളൂരിന്റെ ഓഫർ നിരസിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ ഒരിക്കൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മഞ്ജു വാര്യരുടെ പേരിലുള്ള കേസിൽ തന്നെ പൊലീസ് പിടിച്ചുകൊണ്ട് പോയശേഷം കോടതിയിൽ ഹാജരാക്കണമെന്ന് ശാഠ്യം പിടിച്ചപ്പോൾ കാണാനായി രണ്ട് ജൂനിയർ അഭിഭാഷകർ സ്റ്റേഷനിൽ എത്തിയിരുന്നു.
അഡ്വക്കേറ്റ് ബി എ ആളൂരിന്റെ ജൂനിയർമാരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞയച്ചിട്ടാണ് വന്നതെന്നും അവർ പറഞ്ഞു. ആരാണ് എനിക്കുവേണ്ടി ആളുരിനെ സമീപിച്ചത് എന്ന് ചോദിച്ചപ്പോൾ എന്റെ ഏതോ സിനിമകളുടെ പ്രൊഡ്യുസർ ആണ് എനിക്ക് വേണ്ടി കേസ് വാദിക്കാൻ അദ്ദേഹത്തെ സമീപിച്ചത് എന്ന് പറഞ്ഞു. ആരാണ് ആ പ്രൊഡ്യുസർ എന്ന് സാറിനും അറിയില്ല എന്നും അവർ പറഞ്ഞു. വിവരങ്ങൾ കൃത്യമല്ലാത്തതുകൊണ്ടും നിഴൽ നാടകങ്ങളിൽ താല്പര്യമില്ലാത്തത് കൊണ്ടും അത് നിരസിച്ചു എന്ന് അദ്ദേഹം കുറിച്ചു. പിന്നീട് നരബലി കേസിൽ ആളൂർ ആണ് പ്രതികളുടെ അഭിഭാഷകൻ എന്ന് കേട്ടപ്പോഴാണ് കാര്യങ്ങൾ വ്യക്തമായതെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നു.