ആലപ്പുഴയിൽ ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത് ശ്രീനിവാസൻ വധ കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേർ അറസ്റ്റിൽ. ആറുപേര്‍ക്കെതിരെ കേസ്. വസതിയില്‍ പ്രത്യേക സുരക്ഷയും ഏര്‍പ്പെടുത്തി
രൺജിത് ശ്രീനിവാസൻ കേസിൽ 15 പ്രതികൾക്ക് വധശിക്ഷയാണ് വിധിച്ചത്. ഇതിനു പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ ശിക്ഷവിധിച്ച മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവിക്കെതിരെ അധിക്ഷേപിക്കുന്നതും ഭീഷണിയുടെ സ്വഭാവമുള്ളതുമായ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടത്. ഇതേതുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക ഘട്ടത്തിൽ 6 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇതിലുൾപ്പെട്ട മണ്ണഞ്ചേരി സ്വദേശികളായ നവാസ് നൈന, നസീർ, തിരുവനന്തപുരം പോത്തൻകോട് സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായത്. ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. തിങ്കളാഴ്ചയാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. സമൂഹമായങ്ങളിലെ ഭീഷണിയെ തുടർന്ന് ജഡ്ജി വി.ജി. ശ്രീദേവിയുടെ വസതിയിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഒരു എസ്.ഐ യുടെ നേത്യത്വത്തിൽ 5 പൊലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്.