ജിദ്ദ: സൗദി അറേബ്യയെ ആഗോള ഇലക്ട്രോണിക്സ് കേന്ദ്രമാക്കി മാറ്റാൻ വൻ പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി. മുപ്പതിലധികം വിഭാഗത്തിൽപ്പെട്ട ഉൽപന്നങ്ങൾ സൗദിയിൽ നിർമിച്ച് കയറ്റുമതി ചെയ്യാനായി സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിൽ ആലാത്ത് എന്ന പേരിൽ പുതിയ കമ്പനി പ്രഖ്യാപിച്ചു. നൂതന സാങ്കേതികവിദ്യകളിലും ഇലക്ട്രോണിക്‌സിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും പുതിയതായി പ്രഖ്യാപിച്ച ആലാത്ത് കമ്പനി.
കമ്പനി പ്രവർത്തന സജ്ജമാകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതിയാണ് സൗദി ലക്ഷ്യം വെക്കുന്നത്. 39,000 ത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കും. കൂടാതെ 2030-ഓടെ ജിഡിപിയിലേക്ക് 9.3 ബില്യൺ ഡോളർ നേടാനും കിരീടാവകാശി അധ്യക്ഷനായ കമ്പനി ലക്ഷ്യമിടുന്നു.
സെമി കണ്ടക്ടേഴ്‌സ്, സ്മാർട്ട് ഉപകരണങ്ങൾ, സ്മാർട്ട് ബിൽഡിങ്‌സ്, സ്മാർട്ട് അപ്ലയൻസസ്, സ്മാർട്ട് ഹെൽത്ത്, നെക്സ്റ്റ് ജനറേഷൻ ഇൻഫ്രസ്ട്രക്ച്ചർ, എന്നിങ്ങിനെയുള്ള പ്രാദേശിക, അന്തർദേശീയ വിപണികളിൽ സേവനം നൽകുന്ന ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലാണ് ആലാത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ സുപ്രധാന മേഖലകളെ സേവിക്കുന്ന റോബോട്ടിക് സംവിധാനങ്ങൾ, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, നൂതന കമ്പ്യൂട്ടറുകൾ, ഡിജിറ്റൽ വിനോദ ഉൽപ്പന്നങ്ങൾ, നിർമാണം, കെട്ടിടം, ഖനനം എന്നിവയിൽ ഉപയോഗിക്കുന്ന നൂതന ഹെവി മെഷിനറികൾ എന്നിവയുൾപ്പെടെ 30-ലധികം വിഭാഗത്തിൽപ്പെട്ട ഉൽപ്പന്നങ്ങളും ആലാത്ത് കമ്പനി നിർമിക്കും.