മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ സെർവിക്കൽ ക്യാൻസർ ബാധയെ തുടർന്ന് അന്തരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. പൂനത്തിന്റെ ഇൻസ്റ്റാഗ്രാം വഴി തന്നെ പങ്കുവെച്ച മരണവാർത്തയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ മുഴുവനും ഈ രോഗബാധയുമായി ബന്ധപ്പെട്ട ചർച്ച സജീവമായിരുന്നു. ഇതുതന്നെയായിരുന്നു തന്റെ ലക്ഷ്യം എന്ന് വ്യക്തമാക്കി വീഡിയോയിൽ നേരിട്ട് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം ഇപ്പോൾ.
താൻ മരിച്ചിട്ടില്ലെന്നും സെർവിക്കൽ ക്യാൻസറിനെതിരെയുള്ള ബോധവത്കരണമാണ് ലക്ഷ്യം വച്ചത് എന്നുമാണ് വിശദീകരണം. ‘ഞാൻ ഇവിടെ ജീവിച്ചിരിക്കുന്നു. സെർവിക്കൽ ക്യാൻസർ എൻ്റെ ജീവൻ അപഹരിച്ചിട്ടില്ല. പക്ഷേ ഈ രോഗത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ട് ആയിരക്കണക്കിന് സ്ത്രീകളുടെ ജീവൻ ൻഷ്ടപ്പെട്ടുകഴിഞ്ഞു.
മറ്റ് ചില അർബുദങ്ങളിൽ നിന്ന് വ്യത്യസ്തമായി, സെർവിക്കൽ ക്യാൻസർ പൂർണ്ണമായും തടയാൻ സാധിക്കുന്നതാണ്. HPV വാക്സിനിൻ എടുക്കുന്നതും പരിശോധനകളിലൂടെ നേരത്തെ കണ്ടെത്തുകയുമാണ് പ്രധാനം. ഈ രോഗം മൂലം ആർക്കും ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ നമുക്കുമുന്നിലുണ്ട്. കൃത്യമായ അവബോധത്തോടെ നമുക്ക് പരസ്പരം ശാക്തീകരിക്കാം, കൂടാതെ ഓരോ സ്ത്രീയും ഇതിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അറിവുള്ളവരാണെന്ന് ഉറപ്പുവരുത്താം. രോഗത്തിനെതിരെ എന്തുചെയ്യാനാകുമെന്ന് ആഴത്തിൽ അറിയാൻ ബയോയിൽ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക. രോഗത്തിൻ്റെ വിനാശകരമായ ആഘാതം അവസാനിപ്പിക്കാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം,’ എന്നതാണ് പോസ്റ്റിലെ ഉള്ളടക്കം.
വാർത്തയ്ക്ക് മൂന്നു ദിവസം മുൻപ് പോലും പൊതുപരിപാടികളിൽ പങ്കെടുത്ത് വീഡിയോ പോസ്റ്റ് ചെയ്ത താരത്തിന്റെ മരണവാർത്തയിൽ പലരും സംശയങ്ങൾ ഉന്നയിച്ചിരുന്നു. വാർത്തയ്ക്ക് പിന്നാലെ പൂനത്തിന്റെ കുടുംബം ഫോൺ കോളുകളോട് പ്രതികരിക്കാതിരുന്നതും ചർച്ചയായി. അതേസമയം മരണവാർത്ത നടിയുടെ മാനേജർ സ്ഥിരീകരിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നലെയാണ് പുതിയ വീഡിയോ പങ്കുവെച്ച് താരം രംഗത്തെത്തിയത്.