കോട്ടയം ∙ പാർട്ടി ആവശ്യപ്പെട്ടാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു മുതിർന്ന സിപിഐ നേതാവ് ആനി രാജ . വയനാട് മണ്ഡലത്തിലെ സിപിഐ സാധ്യതാപട്ടികയിൽ താൻ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയില്ല. വാർത്തകളിലൂടെയാണ് ഇക്കാര്യം താനറിഞ്ഞതെന്നും ആനി രാജ പറഞ്ഞു.‘‘ഞാൻ മത്സരിക്കണമോ വേണ്ടയോ എന്നെല്ലാം പാർട്ടിയുടെ കേരളത്തിലെ സംസ്ഥാന ഘടകം ചർച്ച ചെയ്ത ശേഷം അഖിലേന്ത്യാ നേതൃത്വമാണ് തീരുമാനിക്കേണ്ടത്. സ്ഥാനാർഥി നിർണയം പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ല എന്നതാണ് സത്യം. മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ അനുസരിക്കേണ്ട ബാധ്യതയുണ്ട്’’– ആനി രാജ വ്യക്തമാക്കി.
വയനാട്ടിൽ സിറ്റിങ് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുമോയെന്ന ചോദ്യത്തിന് പാർട്ടി ഇക്കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നു ആനി രാജയുടെ മറുപടി. ‘‘രാഹുൽ വയനാട്ടിൽ മത്സരിക്കണമോ വേണ്ടയോ എന്നൊക്കെ കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. അദ്ദേഹം വയനാട്ടിൽ മത്സരിക്കരുത് എന്നൊന്നും പറയുന്നില്ല. പക്ഷേ, പുനരാലോചന നടത്താൻ തയാറാകണം.ഇക്കാര്യം ഞങ്ങളുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി നേരത്തേതന്നെ ആവശ്യപ്പെട്ടതാണ്. വയനാട്ടിലെ പോലെതന്നെ തിരുവനന്തപുരം ലോക്സഭാ സീറ്റിലെ സ്ഥാനാർഥി ചർച്ചകളിലും മാധ്യമങ്ങളിൽ എന്റെയും മകളുടെയും പേരു വരുന്നുണ്ട്. ഇത്തരത്തിലുളള പ്രചാരണങ്ങൾ തിരുവനന്തപുരം ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട് നേരത്തേ നടന്നിട്ടുണ്ട്. അതൊക്കെ പൂർവാധികം ഭംഗിയായി ഇപ്പോൾ നടക്കുന്നുവെന്നേ പറയാനുളളൂ.
കേരളത്തിലെ നാലു സീറ്റിലും ജയിക്കാൻ വേണ്ടിയാണ് സിപിഐ മത്സരിക്കുന്നത്. സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം കനത്ത പോരാട്ടമാണ് എന്ന കാര്യത്തിൽ സംശയമില്ല. തിരുവനന്തപുരത്തും തൃശൂരിലുമെല്ലാം വർഗീയതയ്ക്കെതിരായ പോരാട്ടമാണ്. സിപിഐ അംഗങ്ങളുടെ എണ്ണം ലോക്സഭയിൽ വർധിക്കും. കേരളത്തിലെ നാലു സീറ്റുകളിൽ ഇത്തവണ വനിതകളെ കൂടി പരിഗണിക്കണമെന്നാണ് ആവശ്യം. സിപിഐ മാത്രമല്ല എല്ലാ പാർട്ടികളും വനിതകളെ കൂടുതൽ സീറ്റുകളിൽ മത്സരിപ്പിക്കാൻ തയാറാകണം’’– ആനി രാജ പറഞ്ഞു.
തിരുവനന്തപുരം ലോക്സഭാ സീറ്റിൽ തന്നെ പരിഗണിക്കുന്നുവെന്നത് വാസ്തവമില്ലാത്തതാണെന്നും വാർത്ത വന്ന വഴി ദുരൂഹമാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ‘‘വാർത്ത ശരിയാണെങ്കിൽ പാർട്ടി എന്നോട് സംസാരിക്കേണ്ടതാണ്. അങ്ങനെയൊരു സംസാരവും നടന്നിട്ടില്ല. സീറ്റിനു പിന്നാലെ പോകുന്നയാളല്ല ഞാൻ. അങ്ങനെയാണെങ്കിൽ 2009ൽ എനിക്ക് സീറ്റ് ആവശ്യപ്പെടാമായിരുന്നു.മൂന്നരവർഷമാണ് എംപിയായി ഇരുന്നതെന്നും ടേം പൂർത്തിയാക്കാൻ അവസരം തരണം എന്നുപോലും ഞാൻ പറഞ്ഞിട്ടില്ല. പികെവിയുടെ മരണത്തിനു ശേഷം പലരും നിർബന്ധിച്ചാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നത്. തിരുവനന്തപുരത്തുനിന്നു മത്സരിച്ച് പാർലമെന്റിലേക്ക് പോകാന്‍ അർഹതയുള്ള ധാരാളം പേർ പാർട്ടിയിലുണ്ട്’’– പന്ന്യൻ പറഞ്ഞു.