ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റിയതായി സൂചന. മൂന്നാം എൻ.ഡി.എ സർക്കാരിൽ നരേന്ദ്രമോദി ജൂൺ എട്ട് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ സത്യ പ്രതിജ്ഞ ഞായറാഴ്ചത്തേക്ക് മാറ്റിയെന്നാണ് പുതിയ റിപ്പോർട്ട്.മോദി ബുധനാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് നൽകിയിരുന്നു. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും രാജി രാഷ്ട്രപതി സ്വീകരിച്ചതിനു ശേഷം പുതിയ സർക്കാർ രൂപവത്കരിക്കുന്നത് വരെ മോദിയോട് തുടരാൻ നിർദേശിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനായി തെലുഗു ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ജൂൺ 12 ലേക്ക് മാറ്റിയിട്ടുണ്ട്.മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിദേശ രാഷ്ട്രത്തലവൻമാരടക്കം അതിഥികളായി പങ്കെടുക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാർ ദഹൽ, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗേൽ വാങ്ചുക് എന്നിവരാണ് ക്ഷണിക്കപ്പെട്ട അതിഥികൾ.
543 അംഗ ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 293 സീറ്റുകൾ നേടിയാണ് എൻ.ഡി.എ മൂന്നാംതവണ അധികാരമേൽക്കുന്നത്. ശക്തി കേന്ദ്രങ്ങളായ ഉത്തർ പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ ഞെട്ടിച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യ സഖ്യത്തിന് 234 സീറ്റുകൾ ലഭിച്ചു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ കൂട്ടുകക്ഷി സർക്കാരാണ് രൂപവത്കരിക്കുക.