അമേഠി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ഞെട്ടലിലാണ് കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി. 1.67 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമ്മ സ്മൃതിയെ തോൽപ്പിച്ചത്.2019ൽ രാഹുൽഗാന്ധിയെ അട്ടിമറിച്ച് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ തന്നെയായിരുന്നു ഇത്തവണയും സ്മൃതി മത്സരിക്കാനിറങ്ങിയത്. കോൺഗ്രസ് സ്ഥാനാർഥിയായ കിഷോരി ലാലിനെ പുഷ്പം പോലെ തോൽപിക്കാമെന്ന സ്മൃതിയുടെ എല്ലാ കണക്കുകൂട്ടലുകളും ഇത്തവണ പിഴച്ചു.തെരഞ്ഞെടുപ്പ് സമയത്ത് ഗാന്ധി കുടുംബത്തിന്റെ പ്യൂണെന്നും ഗുമസ്തനെന്നും വിളിച്ചായിരുന്നു ബി.ജെ.പിയുടെ പരിഹാസം.തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കിഷോരി ലാലിനെ പരിഹസിച്ചിരുന്ന സ്മൃതിക്ക് ഇപ്പോൾ തക്ക മറുപടി നൽകിയിരിക്കുകയാണ് കിഷോരിയുടെ മകൾ അഞ്ജലി.
തന്റെ പിതാവിനെ പ്യൂണെന്നോ വേലക്കാരനെന്നോസ്മൃതിക്ക് ഇറാനിക്ക് വിളിക്കാം…എന്നാൽ കണക്കുകൾ നമ്മുടെ മുന്നിലുണ്ടെന്ന് അഞ്ജലി പറഞ്ഞു.കിഷോരിന്റെ വിജയത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു കിഷോരിയുടെ മകളുടെ മറുപടി.ഇതിന്റെ വീഡിയോയും സോഷ്യൽമീഡിയയായ എക്‌സിലടക്കം പ്രചരിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയെ സ്മൃതി അഭിനയിച്ചു കാട്ടിയിട്ടുണ്ട്. അത് നന്നായിരിക്കുന്നുവെന്നും അവർ നല്ല നടിയാണെന്നും അഞ്ജലി പറഞ്ഞു.
അതേസമയം,തന്റെ വിജയം അമേഠിയിലെ ജനങ്ങളുടെയും ഗാന്ധി കുടുംബത്തിന്റെയും വിജയമാണിതെന്നായിരുന്നു കിഷോരി ലാൽ ശർമ്മയുടെ പ്രതികരണം. ഗാന്ധി കുടുംബം തന്നിൽ അർപ്പിച്ച വിശ്വാസമാണ് അമേഠിയെന്നും അതുകൊണ്ട് തന്നെ വിശ്വാസ ലംഘനം നടത്തില്ലെന്നും കിഷോരി പറഞ്ഞു.രാഷ്ട്രീയത്തിൽ പ്രതികാരമില്ലെന്നും അത് സ്‌പോർട്‌സ്മാൻഷിപ്പ് പോലെയാണെന്നും ശർമ്മ പ്രതികരിച്ചിരുന്നു. എന്നാൽ അമേഠിയിലെ ജനവിധി അംഗീകരിക്കുന്നുവെന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനം തുടരുമെന്നും അവർ വ്യക്തമാക്കിയിരുന്നു.