തായ്‌വാനുമായി സൗഹൃദം ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമൂഹ മാധ്യമത്തിലെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി ചൈന. എൻഡിഎ സഖ്യം രാജ്യത്ത് വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ നരേന്ദ്ര മോദിക്ക് ആശംസ നേർന്ന തായ്‌വാൻ പ്രസിഡൻ്റ് ലായ് ഷിങ്-തെയ്ക്ക് സമൂഹമാധ്യമമായ എക്സിൽ നൽകിയ മറുപടിക്കെതിരെയാണ് പ്രതിഷേധം. ഇന്ത്യാ സർക്കാർ തായ്‌വാനിലെ ഭരണകൂടത്തോട് സഹകരിക്കരുതെന്നാണ് ചൈനീസ് നിലപാട്.
തായ്‌വാനിലെ ഭരണകൂടത്തെ ചൈന അംഗീകരിക്കുന്നില്ല. തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന നിലപാട് ഉയർത്തുന്ന ചൈന സായുധ നീക്കത്തിലൂടെയാണെങ്കിലും തായ്‌വാനെ ചൈനയോട് ചേർക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ മാസം തായ്‌വാനിൽ പ്രസിഡൻ്റായി അധികാരത്തിലേറിയ ലായ് ഷിങ്-തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് വിജയത്തിൽ ആശംസ നേർന്ന് എക്സിലാണ് കുറിപ്പ് പങ്കുവച്ചത്. തായ്‌വാൻ-ഇന്ത്യ സൗഹൃദം കൂടുതൽ വേഗത്തിൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങി എല്ലാ മേഖലയിലും പരസ്പര സഹകരണത്തിനും ഇന്തോ-പസഫിക് മേഖലയിൽ സമാധാനത്തിനും പുരോഗതിക്കും വേണ്ടിയും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യപ്പെടുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു.
ഈ കുറിപ്പിന് നന്ദി പറഞ്ഞ് നരേന്ദ്രമോദിയുടെ ഔദ്യോഗിക എക്സ് പ്രൊഫൈലിൽ നിന്നും ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്തി സാമ്പത്തികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് യോജിച്ച് പ്രവർത്തിക്കുമെന്നും നരേന്ദ്ര മോദി എഴുതിയിരുന്നു. പിന്നാലെയാണ് ചൈന ഇതിനെതിരെ രംഗത്ത് വന്നത്.
ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് ഇതിൽ ഇന്ത്യക്കെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നു. ചൈനയുമായി നയതന്ത്ര ബന്ധമുള്ള എല്ലാ രാജ്യങ്ങളും തായ്‌വാൻ ഭരണകൂടവുമായി സഹകരിക്കുന്നതിനെ എതിർക്കുമെന്ന് അവർ വ്യക്തമാക്കി. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമാണ് തായ്‌വാനെന്നും ഇന്ത്യയുടെ നിലപാടിനെ വിമർശിച്ചുകൊണ്ട് അവർ വ്യക്തമാക്കി.
ദ്വീപ് രാഷ്ട്രമായ തായ്‌വാനിൽ കഴിഞ്ഞ മാസമാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നത്. 64 കാരനായ ലായ് ഷിങ്-തെ മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ചൈനക്കെതിരായ ശക്തമായ നിലപാട് സ്വീകരിച്ച അദ്ദേഹത്തിൻ്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ വിജയം ചൈനയുടെ നിലപാടിനോട് തായ്‌വാൻ ജനതയുടെ പ്രതിഷേധം കൂടിയാണെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വ്യക്തമാക്കിയിരുന്നു.