മലപ്പുറം: സുപ്രിംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായേക്കും. മത്സരത്തിന് തയ്യാറാകാന്‍ ഹാരിസ് ബീരാന് നിര്‍ദേശം നല്‍കിയതായാണ് വിവരം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ തന്നെയാണ് ഹാരിസിന്റെ പേര് നിര്‍ദേശിച്ചത്.
അതേസമയം ഹാരിസ് ബീരാനെ മത്സരിപ്പിക്കുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. സംഘടനാ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാക്കളെ പരിഗണിക്കാത്തതിലാണ് എതിര്‍പ്പ്. ഒരു പ്രമുഖ വ്യവസായിയുടെ നിര്‍ദേശപ്രകാരമാണ് ഹാരിസ് ബീരാനെ പരിഗണിച്ചതെന്നും ആരോപണമുണ്ട്.
യുഡിഎഫില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് കുഞ്ഞാലിക്കുട്ടി എത്തണമെന്ന ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ രാജ്യസഭയിലേക്ക് ഇല്ലെന്നും അക്കാര്യത്തില്‍ ഉചിതമായ സമയത്ത് സാദിഖലി തങ്ങള്‍ തീരുമാനമെടുക്കുമെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. അതേസമയം ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പുതുമുഖമായിരിക്കും എത്തുകയെന്നും യുവാക്കള്‍ക്കായിരിക്കും പരിഗണനയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.