മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന് സമീപം നാല് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നദിയില്‍ മുങ്ങിമരിച്ചു, മൃതദേഹങ്ങള്‍ എത്രയും വേഗം ബന്ധുക്കള്‍ക്ക് കൈമാറാന്‍ രാജ്യത്തെ ഇന്ത്യന്‍ എംബസി റഷ്യന്‍ അധികാരികളുമായി ബന്ധപ്പെട്ടുവരികയാണ്.
അടുത്തുള്ള വെലിക്കി നോവ്‌ഗോറോഡ് നഗരത്തിലെ നോവ്‌ഗോറോഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളായ 18-20 വയസിനിടയില്‍ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് അപകടത്തില്‍പെട്ടത്.
വോള്‍ക്കോവ് നദിയിലിറങ്ങിയ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഒഴുക്കില്‍പെട്ടതിനെതുടര്‍ന്ന് കൂട്ടുകാരായ നാലുപേര്‍ രക്ഷിക്കാന്‍ ശ്രമിച്ചതാണ് കൂട്ടദുരന്തത്തില്‍ കലാശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മറ്റ് മൂന്ന് പേരും നദിയില്‍ മുങ്ങിമരിച്ചു. മൂന്നാമത്തെ ആണ്‍കുട്ടിയെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്.
ഇവര്‍ വെലിക്കി നോവ്‌ഗോറോഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുകയാണെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു. ‘ദുഃഖിതരായ കുടുംബങ്ങളെ അനുശോചനമറിയിച്ച് കോണ്‍സുലേറ്റ് ,എക്‌സില്‍ പോസ്റ്റ് ചെയ്തു.
മൃതദേഹങ്ങള്‍ എത്രയും വേഗം ബന്ധുക്കള്‍ക്ക് കൈമാറാന്‍ വെലിക്കി നോവ്‌ഗോറോഡിലെ പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.
ദുഃഖിതരായ കുടുംബങ്ങളെ കോണ്‍സുലേറ്റ് അധികൃതര്‍ ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായവും ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.