ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) തലവനുമായ നിതീഷ് കുമാറിനെ ഇൻഡ്യ സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിൽ അദ്ദേഹത്തിന് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തുവെന്നും എന്നാൽ അദ്ദേഹം നിരസിച്ചുവെന്നും ജെഡിയു നേതാവ് കെസി ത്യാഗിയുടെ വെളിപ്പെടുത്തല്‍. ‘നിതീഷ് കുമാറിന് ഇൻഡ്യ സഖ്യത്തിൽ നിന്ന് പ്രധാനമന്ത്രിയാകാൻ ഒരു ഓഫർ ലഭിച്ചു. അദ്ദേഹത്തെ ഇൻഡ്യ സഖ്യത്തിന്റെ കൺവീനറാകാൻ അനുവദിക്കാത്തവരിൽ നിന്നാണ് ആ ഓഫർ ലഭിച്ചത്. അദ്ദേഹം അത് നിരസിച്ചു, ഞങ്ങൾ എൻഡിഎയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നു.’ ത്യാഗി പറഞ്ഞു. എന്നാൽ ത്യാഗിയുടെ പ്രസ്താവനയെ തള്ളി കോൺഗ്രസ് നേതാക്കളും ഇൻഡ്യ സഖ്യ നേതാക്കളും രംഗത്തെത്തി. സഖ്യത്തിന്റെ ചർച്ച പ്രകാരം പ്രതിപക്ഷത്ത് തുടരാനാണ് തീരുമാനമായതെന്നും നിതീഷ് കുമാറുമായി അത്തരത്തിലുള്ള ചർച്ച നടത്തിയിട്ടില്ലെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ സഖ്യകക്ഷികളായ ജെഡിയുവുമായും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയുമായും (ടിഡിപി) ചേർന്ന് ഇൻഡ്യ സഖ്യം, സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങൾ നേരത്തേയുണ്ടായിരുന്നു. എക്സിറ്റ് പോളുകളെ തള്ളി ഇൻഡ്യ സഖ്യം മികച്ച പ്രകടനം കാഴ്ച്ച വെച്ച സാഹചര്യത്തിലായിരുന്നു അത്. ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപിക്ക് കേവല ഭൂരിപക്ഷവും എൻഡിഎയ്ക്ക് 400 സീറ്റും പ്രഖ്യാപിച്ചപ്പോൾ അതിനെ തള്ളി ഇൻഡ്യ സഖ്യം വലിയ മുന്നേറ്റം നടത്തി. എൻഡിഎ 293 സീറ്റിലേക്ക് ഒതുങ്ങി. ബിജെപി കഴിഞ്ഞ രണ്ട് തവണയും ഭേദിച്ച 272 എന്ന കേവല ഭൂരിപക്ഷ സഖ്യ മറികടക്കാനായില്ല.
കൂടുമാറ്റത്തിന് പേര് കേട്ട നിതീഷ് കഴിഞ്ഞ ജനുവരിയിലാണ് ഇൻഡ്യ സഖ്യം വിട്ട് ബിജെപിയിലെത്തിയത്. ഇൻഡ്യ സഖ്യത്തിന്റെ രൂപീകരണ ചർച്ചകളിൽ മുന്നിലുണ്ടായിരുന്ന നിതീഷ് പിന്നീട് മുന്നണിയിലെ അഭിപ്രായ വ്യതാസത്തെ തുടർന്നാണ് എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയത്. ഇതിന് മുമ്പ് പല തവണ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിതീഷ് മുന്നണി പരീക്ഷണങ്ങൾ നടത്തിയിരുന്നു.