ന്യൂഡല്‍ഹി: നീറ്റ്-യുജി മെഡിക്കല്‍ പരീക്ഷ ക്രമക്കേടില്‍ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പ് 24 ലക്ഷം വിദ്യാര്‍ത്ഥികളെ തകര്‍ത്തെന്ന് രാഹുല്‍ കടന്നാക്രമിച്ചു. പാര്‍ലമെന്റില്‍ താന്‍ നിങ്ങളുടെ ശബ്ദമായിരിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കി. എക്‌സിലൂടെയായിരുന്നു വിമര്‍ശനം.
‘നരേന്ദ്രമോദി ഇതുവരെയും സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയില്ല. അതിന് മുമ്പ് തന്നെ നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തി 24 ലക്ഷം വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബങ്ങളെയും തകര്‍ത്തു’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.’നിയമനിര്‍മ്മാണത്തിലൂടെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ നിങ്ങളുടെ ശബ്ദമായിരിക്കുമെന്ന് ഞാന്‍ ഈ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കുന്നു’, രാഹുല്‍ പറഞ്ഞു.
രാജ്യത്തെ പ്രധാന മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ഫലത്തില്‍ അട്ടിമറി നടന്നെന്ന ഗുരുതര ആരോപണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തെഴുതി. ചില വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതിലും 67 പേര്‍ക്ക് ഒന്നാം റാങ്ക് കിട്ടിയതിലും അട്ടിമറിയുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ട്.