ദില്ലി: മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് മുന്നേ എൻ ഡി എയിൽ ആദ്യ പൊട്ടിത്തെറി. എൻ സി പി അജിത് പവാർ പക്ഷമാണ് മോദി 3.0 യിൽ ആദ്യ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. ഇന്ന് സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേൽക്കുന്ന മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രി സ്ഥാനം നൽകാത്തതാണ് എൻ സി പിയുടെ പ്രതിഷേധത്തിന് കാരണം. കാബിനറ്റ് മന്ത്രി സ്ഥാനം നല്കാൻ ബി ജെ പി തയ്യാറാകാത്തതിൽ പ്രതിഷേധം അറിയിച്ച് മന്ത്രി സഭയിൽ ചേരാനില്ലെന്ന് എൻ സി പി വ്യക്തമാക്കിയിരിക്കുകയാണ്.
മുതിർന്ന നേതാവായ പ്രഫുൽ പട്ടേലിന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻ സി പി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മൂന്നാം മോദി മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല. പ്രഫുൽ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിക്കുന്നതാണ് അവഗണിക്കാനുള്ള കാരണമെന്നാണ് വിവരം. പാർട്ടിയുടെ ഏക എം പി യും മഹാരാഷ്ട്ര അധ്യക്ഷനുമായ സുനിൽ തത്കരയെയും ക്യാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. ഇതോടെയാണ് എൻ സി പി പ്രതിഷേധമറിയിച്ച് മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.അതേസമയം മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 നാണ് തുടങ്ങുക.
രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകും. ബി ജെ പിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടി ഡി പിക്ക് 2 ക്യാബിനറ്റ് പദവികളാണ് നൽകിയിരിക്കുന്നത്.