തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച് തൃശൂര്‍ ഡി.സി.സിയിലുണ്ടായ കൂട്ടത്തല്ലില്‍ കര്‍ശന നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഡി.സി.സി പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. നിയുക്ത പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന് ഡി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നല്‍കിയെന്നാണ് വിവരം. തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, യു.ഡി.എഫ് ജില്ല ചെയർമാൻ എം.പി. വിന്‍സെന്റ് എന്നിവരെ മാറ്റിയേക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എന്നിവരടക്കമുള്ള കേന്ദ്ര -സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ് നടപടിയെടുക്കുന്നത്. കൂട്ടത്തല്ലിന്റെ പശ്ചാത്തലത്തില്‍ ജോസ് വള്ളൂരിനെ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
ഡി.സി.സി ജനറല്‍ സെക്രട്ടറി സജീവന് കുരിയച്ചിറയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന ആരോപണമാണ് കൂട്ടത്തല്ലിലേക്ക് വഴിയൊരുക്കിയത്. വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷം അഞ്ച് മണിക്കൂറോളം നീണ്ടുനിന്നു. തൃശൂരിലെ പരാജയത്തിന് പിന്നാലെയുണ്ടായ കൂട്ടത്തല്ല് പാര്‍ട്ടിക്ക് ഏറെ ക്ഷീണമുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ജോസ് വള്ളൂരിനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സജീവന് കുരിയച്ചിറ. ജില്ലയില്‍ കോണ്‍ഗ്രസിന് സംഭവിച്ച ഈ അവസ്ഥക്ക് ജോസ് വള്ളൂരാണ് ഉത്തരവാദിയെന്നാണ് ഇദ്ദേഹത്തിന്റെ ആക്ഷേപം. സ്വന്തം തെറ്റ് മറക്കാനാണ് ജോസ് വള്ളൂരും സംഘവും തനിക്കെതിരെ കള്ളക്കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്നും സജീവന് കുരിയച്ചിറ പറയുന്നു.