ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത മാലിദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക രാഷ്‌ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ. ന്യൂഡൽഹിയിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി കൂടിക്കാഴ്‌ച്ച നടത്തിയതിൽ അത്യധികം സന്തോഷമുണ്ടെന്നും ഇന്ത്യയും മാലദ്വീപും തുടർന്നും ഒരുമിച്ചു പ്രവർത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നതായും അദ്ദേഹം എക്‌സിൽ കുറിച്ചു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയുമായും കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും ജയ്ശങ്കർ പങ്കുവച്ചു.
കഴിഞ്ഞ ദിവസമാണ് രാഷ്‌ട്രപതിഭവനിൽ വച്ച് മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തത്.പ്രസിഡൻ്റ് ദ്രൗപദി മുർമുവാണ് നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ , ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത്, സീഷെൽസ് വൈസ് പ്രസിഡൻ്റ് അഹമ്മദ് അഫീഫ്, മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു , ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന , ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അയൽരാജ്യങ്ങൾ ആദ്യം എന്ന പ്രധാനമന്ത്രിയുടെ നയത്തിന്റെയും സാഗർ വിഷന്റെയും ഉത്തമ ഉദാഹരണമാണ് രാഷ്‌ട്രത്തലവന്മാരുടെ സാന്നിധ്യമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.