പാരിസ്: യൂറോപ്യൻ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഞെട്ടലായി തീവ്ര വലതുപക്ഷ കക്ഷികളുടെ തേരോട്ടം. 27 അംഗരാഷ്ട്രങ്ങളുള്ള യൂറോപ്യൻ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇറ്റലി, ആസ്ട്രിയ, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിലെല്ലാം ഇവർ വൻനേട്ടമുണ്ടാക്കി.
ജർമനിയിൽ രണ്ടാമതെത്തിയ തീവ്ര വലതുപക്ഷത്തെ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എ.എഫ്.ഡി) പാർട്ടി 15.9 ശതമാനം വോട്ടുനേടി. 2019ൽ 11ശതമാനം നേടിയതാണ് ഇത്തവണ അഞ്ചു ശതമാനത്തോളം വർധന. ഇവിടെ യാഥാസ്ഥിതിക കക്ഷികൾക്ക് തന്നെയാണ് കൂടുതൽ വോട്ട്. ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ 30 ശതമാനവും ചാൻസ്‍ലറുടെ എസ്.പി.ഡി 13.9 ശതമാനവും വോട്ടു നേടി.
ഇറ്റലിയിൽ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’യും സമാനമായി മൂന്നിലൊന്നിനരികെ വോട്ടു നേടി. ഇവിടെ മെലോണിയുടെ കക്ഷി 28.8 ശതമാനവുമായി മുന്നിലെത്തിയപ്പോൾ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിട്ടോ ഡൊമോക്രാറ്റിക്കോ 24 ശതമാനവും സ്വന്തമാക്കി. ഫ്രാൻസിൽ മൊത്തം വോട്ടിന്റെ മൂന്നിലൊന്നിനരികെയെത്തിയാണ് നാഷനൽ റാലി കരുത്തുകാട്ടിയത്.
ആസ്ട്രിയയിൽ തീവ്രവലതു കക്ഷിയായ ഫ്രീഡം പാർട്ടി 25.7 ശതമാനം വോട്ടുനേടി. ഇവിടെ യാഥാസ്ഥിതിക പീപിൾസ് പാർട്ടിക്ക് 24.7 ശതമാനവും സോഷ്യൽ ഡെമോക്രാറ്റുകൾക്ക് 23.3 ശതമാനവും വോട്ടാണുള്ളത്. അയർലൻഡിൽ ഭരണകക്ഷിയായ ഫൈൻ ഗെയൽ തന്നെയാണ് മുന്നിൽ. അതിനിടെ, ഗ്രീൻ- ഇടത് കൂട്ടുകെട്ട് വൻ വിജയം നേടിയ നെതർലൻഡ് ദേശീയ തെരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധ കക്ഷിയായ പി.വി.വി നേതാവ് ഗീർത് വൈൽഡേഴ്സ് ഞെട്ടിക്കുന്ന വിജയം നേടി.