തിരുവനന്തപുരം: സി.പി.എമ്മിനുണ്ടായ രാഷ്ട്രീയ ജീർണതയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കല്യാശ്ശേരിയിലും മട്ടന്നൂരിലുമുൾപ്പെടെ പാർട്ടി കോട്ടകളിൽ വോട്ടു കുറഞ്ഞതും തൃശ്ശൂരിൽ സി.പി.എം വോട്ടുകൾ ബി.ജെ.പിക്ക് പോയതും മുഖ്യമന്ത്രി പരിശോധിക്കണം. ബി.ജെ.പി, സി.പി.എം നേതാക്കൾ ഒരുമിച്ച് ബിസിനസ് നടത്തുകയാണ്. സി.പി.എമ്മിന്‍റെ തോൽവിയിൽ സന്തോഷമുണ്ടെങ്കിലും അടിത്തറയിളകുന്നതിൽ താൽപര്യമില്ലെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു.
“സി.പി.എമ്മിനുണ്ടായ രാഷ്ട്രീയ ജീർണതയാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അവിശുദ്ധമായ ബന്ധമുണ്ട്. ബി.ജെ.പി, സി.പി.എം നേതാക്കൾ ഒരുമിച്ച് ബിസിനസ് നടത്തുകയാണ്. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമടം, വൻഭൂരിപക്ഷത്തിൽ കെ.കെ. ശൈലജ ജയിച്ച മട്ടന്നൂർ, കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെല്ലാം സി.പി.എമ്മിന് വോട്ടു കുറഞ്ഞു. ഇതെല്ലാം മുഖ്യമന്ത്രി കൂടി ഒന്നു പരിശോധിക്കണം.
തൃശ്ശൂരിൽ സുനിൽ കുമാറിന് കിട്ടേണ്ടിയിരുന്ന സി.പി.എമ്മിന്‍റെ വോട്ട് ബി.ജെ.പിയിലേക്ക് പോയി. ഇക്കാര്യം വ്യക്തമാകാൻ അന്തിക്കാട് മാത്രം പരിശോധിച്ചാൽ മതി. റവന്യൂ മന്ത്രിക്കു പോലും ഇക്കാര്യമറിയാം. സി.പി.എമ്മിന്‍റെ തോൽവിയിൽ സന്തോഷമുണ്ടെങ്കിലും അടിത്തറയിളകുന്നതിൽ താൽപര്യമില്ല” -സതീശൻ പറഞ്ഞു.
തൃശ്ശൂരിൽ കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിക്ക് മറിഞ്ഞെന്ന എൽ.ഡി.എഫ് ആരോപണത്തോടുള്ള പ്രതികരണമായാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങൾ പറഞ്ഞത്. തെരഞ്ഞെടുപ്പു ഫലത്തിൽ ബി.ജെ.പിക്ക് എതിരായ പൊതുവികാരമാണ് പ്രതിഫലിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പ്രതികരിച്ചിരുന്നു.