റോം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് ഇറ്റലിയിൽ ഗാന്ധിജിയുടെ പ്രതിമ തകർത്ത സംഭവത്തിൽ പ്രതികരണവുമായി തുഷാർ ഗാന്ധി.മനുഷ്യരെ തല്ലിക്കൊല്ലുന്നതിനേക്കാൾ ബാപ്പുവിന്റെ പ്രതിമ തകർക്കുന്നതാണ് നല്ലതെന്ന് ഗാന്ധിജിയുടെ കൊച്ചുമകൻ കൂടിയായ തുഷാർ ഗാന്ധി സോഷ്യൽമീഡിയയായ എക്‌സിൽ കുറിച്ചു.
ജി7 ഉച്ചകോടിക്കായി ഇറ്റലിയിലെത്തുമ്പോൾ മോദി അനാച്ഛാദനം ചെയ്യാനിരുന്ന പ്രതിമയാണ് ഖലിസ്ഥാൻവാദികൾ തകർത്തത്. കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും പ്രതിമയിൽ ഖാലിസ്ഥാൻ വാദികൾ എഴുതിയിരുന്നു. പ്രതിമയോടൊപ്പം ഉണ്ടായിരുന്ന സ്തൂപങ്ങളും തകർത്തിട്ടുണ്ട്.
വിഷയം ബന്ധപ്പെട്ട ഇറ്റാലിയൻ അധികൃതരുമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര മാധ്യമങ്ങളോട് പറഞ്ഞു. തെക്കൻ ഇറ്റലിയിലെ ബ്രിണ്ടിസി എന്ന പട്ടണത്തിലാണ് സംഭവമെന്ന് ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവു പറഞ്ഞു. ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ചയാണ് ഇറ്റലിയിലേക്ക് പുറപ്പെടുന്നത്. ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിലെ അപുലിയ മേഖലയിലെ ആഡംബര റിസോർട്ടായ ബോർഗോ എഗ്‌നാസിയയിലാണ് ജി7 ഉച്ചകോടി നടക്കുന്നത്.