കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ എത്തിക്കും . സി–130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു . മരിച്ച മലയാളികളില്‍ 23 പേരെ തിരിച്ചറിഞ്ഞെന്ന് നോര്‍ക്ക സിഇഒ പറഞ്ഞു. ഒന്‍പത് പേര്‍ ഗുരുതരാവസ്ഥയിലാണ്. കൂടുതലും മലയാളികളാണ്. മൃതദേഹങ്ങള്‍ വൈകാതെ നാട്ടിലെത്തിക്കുമെന്നും അജിത് കോളശേരി പറഞ്ഞു.
മരിച്ച 49 പേരിൽ 46 ഉം ഇന്ത്യക്കാര്‍
മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവരെ മന്ത്രി നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അലി യഹിയയുമായി കൂടിക്കാഴ്ച നടത്തി . മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ തമിഴ്നാട്ടുകാരാണ്. മരിച്ച 24 മലയാളികളിൽ 23 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 50 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 9 മലയാളികളുടെ നില ഗുരുതരമാണ്.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപയും ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് അപകടത്തിൽപെട്ടവരുടെ കമ്പനി അറിച്ചു. കുവൈത്ത് അമീറും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്രയും വലിയ ദുരന്തം ഉണ്ടാകുന്നത്. നാടിനെ നടുക്കിയ ദുരന്തത്തിൽ പൊഴിഞ്ഞ 49 ജീവനുകളിൽ 46 പേരും ഇന്ത്യക്കാരാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. മൂന്നുപേർ ഫിലിപ്പിനോകളാണ്. മരിച്ച ആളുകളെ തിരിച്ചറിയുന്നതിനുളള നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. മരിച്ചവരിൽ ഏറെയും പത്തനംതിട്ട സ്വദേശികളാണ്. എത്രയും വേഗം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുളള നടപടികളാണ് പുരോഗമിക്കുന്നത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായാലുടൻ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്നാണ് കണക്കു കൂട്ടൽ.