കൊച്ചി: കുവൈത്തിലെ ലേബർ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച 31 പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. 45 പേരുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിൽ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വ്യോമസേനയുടെ ഐഎഫ്‌സി 0564 നമ്പർ കാർഗോ വിമാനം രാവിലെ 6.20നാണ് കുവൈത്തിൽ നിന്ന് പുറപ്പെട്ടത്. കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗും വിമാനത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രിമാർ അടക്കമുള്ളവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. മുംബൈയിലുള്ള മലയാളി ഡെന്നി ബേബി അടക്കമുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം പിന്നീട് ഡൽഹിക്ക് തിരിക്കും.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുന്നതിന് നോർക റൂട്ട്സിന് കീഴിൽ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനുമായി ചേർന്ന് പ്രത്യേക ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ തമിഴ്നാട് ഗവൺമെന്റിന്റെ എട്ട് ആംബുലൻസുകളും വിമാനത്താവളത്തിൽ എത്തിട്ടുണ്ട്.