തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസില്‍ നൃത്താധ്യാപിക സത്യഭാമക്ക് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം നെടുമങ്ങാട് എസ് സി എസ് ടി കോടതിയാണ് സത്യഭാമക്ക് ജാമ്യം അനുവദിച്ചത്. സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയുണ്ട്.
സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുത്, പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകള്‍ അടക്കമാണ് 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തോടെ ഇവരുടെ ഹര്‍ജി പരിഗണിച്ചത്. ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷനും ആര്‍ എല്‍ വി രാമകൃഷ്ണനും കോടതിയില്‍ വാദിച്ചു. ചെറിയ കേസായി കാണാന്‍ കഴിയില്ലെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. സംഭവശേഷവും സമാനമായ പ്രതികരണം പ്രതി മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചുവെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ കോടതിയെ അറിയിച്ചു. പ്രതിയെ കസ്റ്റഡിയില്‍ എടുക്കേണ്ടത് അനിവാര്യമെന്ന് പ്രോസിക്യൂഷനും വാദിച്ചു. വാദിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍, അഞ്ചു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിക്കുവേണ്ടി ഹാജരായ ബി എ ആളൂര്‍ വാദിച്ചു. ‘വിവാദ പരാമര്‍ശം കാരണം ജീവിതത്തില്‍ പല വിധ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. തന്റെ വിദ്യാര്‍ത്ഥികളായ കറുത്ത കുട്ടികള്‍ എല്ലാം നഷ്ടമായി. മനഃപൂര്‍വം അധിക്ഷേപ ശ്രമം നടത്തിയിട്ടില്ല. കറുത്ത കുട്ടി എന്ന പരാമര്‍ശം എങ്ങനെ എസ്‌സി എസ്ടി വകുപ്പിന്റെ പരിധിയില്‍ വരും’, ബി എ ആളൂര്‍ വാദിച്ചു.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.
സത്യഭാമയുടെ പരാമര്‍ശം വലിയ വിവാദമാവുകയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പലരും ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെ കേരള കലാ മണ്ഡലത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ട പ്രദര്‍ശനം നടത്താന്‍ പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.