Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡാർജിലിം​ഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം;സഹായധനം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്

ഡാർജിലിം​ഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം;സഹായധനം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്

ദില്ലി:പശ്ചിമബം​ഗാളിലെ ഡാർജിലിം​ഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി ഉയര്‍ന്നു. അപകടത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു. അ​ഗർത്തലയിൽനിന്നും കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജം​ഗ എക്സ്പ്രസിന്‍റെ പിന്നിൽ സി​ഗ്നൽ തെറ്റിച്ചെത്തിയ ​ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ഗുഡ്സ് ട്രെയിനിന്‍റെ ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, കാഞ്ചൻ ജംഗ എക്സ്പ്രസിന്‍റെ ഗാര്‍ഡ് എന്നിവര്‍ ഉള്‍പ്പെടെ മരിച്ചതായാണ് വിവരം.രക്ഷാ പ്രവർത്തനം പൂർത്തിയായിയെന്നും ബോഗികള്‍ക്കിടയില്‍ കുടുങ്ങിയവരെ എല്ലാം ആശുപത്രിയില്‍ എത്തിച്ചുവെന്നും റെയിൽ ബോർഡ് ചെയർപേഴ്സൺ അറിയിച്ചു.

അതേസമയം, സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്ക് തിരിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബംങ്ങള്‍ പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് അരലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും. അപകടത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവും സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം സഹായധനം നല്‍കുമെന്നും, ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷവും ചെറിയ പരിക്കേറ്റവർക്ക് അന്പതിനായിരം രൂപ വീതം സഹായവും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

ഇന്ന് രാവിലെ ഒൻപതരയോടെ ഡാർജിലിംഗ് ജില്ലയിലെ രം​ഗാപാനിക്ക് സമീപം രാജ്യത്തെ നടുക്കി വീണ്ടും ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ന്യൂ ജയ്പാൽ​ഗുരി സ്റ്റേഷൻ പിന്നിട്ട് മുന്നോട്ട് പോവുകയായിരുന്ന കാഞ്ചൻജം​ഗ എക്സ്പ്രസിന് പിന്നിലേക്ക് ​സി​ഗ്നൽ തെറ്റിച്ച് കുതിച്ചെത്തിയ ​ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാഞ്ചൻ ജം​ഗ എക്സ്പ്രസിന്‍റെ മൂന്ന് ബോ​ഗികൾ തകർന്നു. മരിച്ചവരിൽ ​ഗുഡ്സ് ട്രെയിനിന്‍റെ ലോക്കോ പൈലറ്റുമുണ്ടെന്നാണ് വിവരം.തകർന്ന ബോ​ഗികൾക്കിടയിൽ നിരവധി പേർ കുടുങ്ങിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ച രക്ഷാ പ്രവർത്തനം ഉച്ചയോടെയാണ് പൂര്‍ത്തിയായത്. ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനയും, പോലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിനെത്തി.മുതിർന്ന ഉദ്യോ​ഗസ്ഥരെ അപകട സ്ഥലത്തേക്ക് അയച്ചെന്ന് റെയിൽവേ അറിയിച്ചു. അപകട കാരണത്തെ കുറിച്ച് പരിശോധന തുടങ്ങി. ദില്ലി റെയിൽ മന്ത്രാലയത്തിലും വാർ റൂം സജ്ജമാക്കി.

അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമബം​ഗാളിലെ മന്ത്രിമാരുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി. രാഷ്ട്രപതി ദ്രൗപദി മുർമുവും അതീവ ദുഖം രേഖപ്പെടുത്തി. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പരിക്കേറ്റവർ നോർത്ത് ബം​ഗാൾ മെഡിക്കൽ കോളേജില്‍ ചികിത്സയിലാണ്. പശ്ചിമബം​ഗാൾ സർക്കാറും റെയിൽവേയും പ്രത്യേകം കണ്ട്രോൾ റൂമുകൾ തുറന്നു.അതേസമയം, കാഞ്ചന്‍ജംഗ എക്സ്പ്രസിന്‍റെ 4 ബോഗികളും ഗുഡ്സ് ട്രെയിനിന്‍റെ എഞ്ചിനും അഞ്ച് കണ്ടെയിനറുകളുമാണ് അപകടത്തില്‍ പെട്ടെന്ന് റെയില്‍വെ അറിയിച്ചു. ഉച്ചയോടെ കാഞ്ചൻ ജംഗ എക്സ്പ്രസ് അപകടത്തിൽ പെടാത്ത ബോഗികളുമായി യാത്ര പുനരാരംഭിച്ചുവെന്നും യാത്രക്കാർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കി എന്നും റെയിൽവേ അറിയിച്ചു.

അതേസമയം, അപകടത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അശ്വിനി വൈഷ്ണവ് മന്ത്രിയായിരിക്കെയാണ് ഏറ്റവും കൂടുതൽ ട്രെയിൻ അപകടങ്ങൾ നടന്നതെന്നും മന്ത്രിരാജി വെയ്ക്കാനോ ഉത്തരവാദിത്വം ഏറ്റെടുക്കാനോ തയാറാകില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. റെയിൽവേ മന്ത്രാലയത്തിന്‍റെ ഗുരുതര വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com