തിരുവനന്തപുരം: യുഡിഎഫ് പത്തനംതിട്ട പാർലമെൻ്റ് കൺവൻഷനിൽ നിന്ന് വിട്ടുനിന്ന് ആറന്മുള മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ ശിവദാസൻ നായർ. യോഗത്തിൽ നിന്ന് വിട്ട് നിൽക്കുന്നതിൻ്റെ കാരണം ഇപ്പോൾ പറയാനാകില്ലെന്ന് ശിവദാസൻ നായർ പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് പങ്കെടുക്കണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും താൻ പത്തനംതിട്ടയിൽ തന്നെ ഉണ്ടെന്നും ശിവദാസൻ നായർ വ്യക്തമാക്കി. വി ഡി സതീശനാണ് പത്തനംതിട്ട പാർലമെൻ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്.
നേരത്തെ പാർട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ട് കെ ശിവദാസൻ നായർക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിനെ തുടർന്ന് കുറച്ചുനാളുകളായി പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു ശിവദാസൻ നായർ. ഇതിൻ്റെ ഭാഗമായാണ് ശിവദാസൻ നായർ കൺവെൻഷനിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് നാളുകളായി പത്തനംതിട്ട കോൺഗ്രസിൽ നിൽക്കുന്ന ഗ്രൂപ്പ് തർക്കമാണ് ഇപ്പോൾ മറനീക്കി പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ശിവദാസൻ നായർക്കൊപ്പം ഈ വിഷയങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച മുൻ ഡിഡിസി അദ്ധ്യക്ഷൻ ബാബു ജോർജ്ജും ഡിസിസി ഭാരവാഹിയും മുൻജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ സജി ചാക്കോയും കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്നിരുന്നു.
ആൻ്റോ ആൻ്റണിയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. കോൺഗ്രസ് വിട്ടെത്തിയ എ കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണിയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.