ഹൈദരാബാദ്: മിക്കവാറും എല്ലാ വികസിത രാജ്യങ്ങളും ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യയും അതേ രീതി പിന്തുടരണമെന്നും വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി അധ്യക്ഷനും ആന്ധ്രാ മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി അഭിപ്രായപ്പെട്ടു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം) ഹാക്ക് ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കവേ ചൊവ്വാഴ്ച എക്സിലാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
നീതി നൽകുക മാത്രമല്ല, സേവിച്ചതായി തോന്നുകയും ചെയ്യുന്നതുപോലെ, ജനാധിപത്യം നിലനിൽക്കുക മാത്രമല്ല പ്രബലമാണെന്ന് തോന്നുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.ഏതാണ്ട് എല്ലാ വികസിത ജനാധിപത്യത്തിലും ലോകമെമ്പാടുമുള്ള തിരഞ്ഞെടുപ്പ് രീതികളിൽ ഇ.വി.എമ്മുകളല്ല പേപ്പർ ബാലറ്റുകളാണ് ഉപയോഗിക്കുന്നത്. നമ്മുടെ ജനാധിപത്യത്തിന്റെ യഥാർത്ഥ ചൈതന്യം ഉയർത്തിപ്പിടിച്ച് നാമും അതിലേക്ക് നീങ്ങണം അദ്ദേഹം പറഞ്ഞു.
നേരത്തേ ഇ.വി.എമ്മുകൾ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്ക് അഭിപ്രായപ്പെട്ടിരുന്നു.ഇ.വി.എമ്മുകളിൽ കൃത്രിമം കാണിക്കാമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മുൻ ചെയർമാനും സാങ്കേതിക വിദഗ്ധനുമായ സാം പിത്രോഡയും ഇ.വി.എമ്മുകൾ ബ്ലാക് ബോക്സുകളാണെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു.