തിരുവനന്തപുരം: കുടിൽ വ്യവസായം പോലെയാണ് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ബോംബ് ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. എല്ലായിടത്തും സ്റ്റീൽ ബോംബുകൾ ഉണ്ടാക്കിവെക്കുകയാണ്. എത്ര പാർട്ടിക്കാർ കൊല്ലപ്പെട്ടു? എത്ര പാർട്ടിക്കാരുടെ കയ്യും കാലും പോയി? തൊഴിലുറപ്പ് സ്ത്രീകൾ, കളിച്ചുകൊണ്ടിരുന്ന കുട്ടികൾ തുടങ്ങിയ നിരപരാധികളാണ് ബോംബ് രാഷ്ട്രീയത്തിന് ഇരയാക്കപ്പെടുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
തലശേരിയിൽ തേങ്ങ പെറുക്കുന്നതിനിടെ വയോധികൻ സ്‌ഫോടനത്തിൽ മരിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷം സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. സ്റ്റീൽ പാത്രങ്ങൾ പ്രത്യേക സാഹചര്യത്തിൽ കണ്ടാൽ തുറന്നുനോക്കരുതെന്ന് കണ്ണൂരിലെ ജനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകണമെന്ന് സതീശൻ പറഞ്ഞു. സ്വന്തം പാർട്ടിക്കാർക്ക് നേരെ എറിയാൻ ഉണ്ടാക്കിവെച്ച ബോംബാണ് പൊട്ടിയത്. സി.പി.എം നേതാക്കൾ കുടപിടിച്ചുകൊടുക്കുന്ന രണ്ട് ക്രിമിനൽ സംഘങ്ങൾ പരസ്പരം എറിയാനാണ് ബോംബ് കരുതിവെച്ചതെന്നും സതീശൻ ആരോപിച്ചു.