കട്ടപ്പന: മുഖ്യമന്ത്രിക്കും സിപിഐഎം മന്ത്രിമാർക്കും നേരെ സിപിഐ ഇടുക്കി കമ്മറ്റികളിൽ കടന്നാക്രമണം. സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിലും ജില്ലാ കൗൺസിലിലുമാണ് വിമർശനമുയർന്നത്. സർക്കാരിൻ്റെ സാമ്പത്തിക നയം തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചു. ധനവകുപ്പ് തികഞ്ഞ പരാജയമാണ്. സിപിഐ വകുപ്പുകളുടെ നിറം മങ്ങാൻ ധനവകുപ്പ് കാരണമായെന്നും വിമർശനമുയർന്നു.
സിപിഐയുടെ മന്ത്രി ജി ആർ അനിലിനെതിരെയും കമ്മിറ്റികളിൽ വിമർശനമുണ്ടായി. സപ്ലൈകോ പ്രതിസന്ധി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് നിരീക്ഷണം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനകീയ മുഖം നഷ്ടമായെന്നും വിലയിരുത്തലുണ്ടായി. ഇത് കൂടാതെ കേരള കോൺഗ്രസിനെതിരെയും കമ്മിറ്റികൾ രംഗത്തെത്തി. കേരളാ കോൺഗ്രസ് ഒപ്പം എത്തിയിട്ടും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും ഘടകകക്ഷികൾ ആഴത്തിൽ പരിശോധിക്കണമെന്നും സിപിഐ വിമർശിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വലിയ വിമർശനമാണ് സിപിഐ കമ്മിറ്റികളിൽ നിന്ന് സിപിഐഎമ്മിന് നേരെ ഉയരുന്നത്. എൽഡിഎഫ് ജനങ്ങളിൽ നിന്ന് അകന്നുവെന്ന് പാലക്കാട് സിപിഐ ജില്ലാ കൗൺസിൽ വിലയിരുത്തിയിരുന്നു. സംസ്ഥാന സർക്കാരിനെയും സ്വന്തം മന്ത്രിയെയും സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവും ഇന്നലെ വിമർശിച്ചിരുന്നു. സ്വന്തം മന്ത്രി ജി ആർ അനിലും ഭക്ഷ്യവകുപ്പും നാടിന് നാണക്കേടാണ് എന്നാണ് ഉയർന്ന വിമർശനം.
ന്യൂനപക്ഷ പ്രീണനം പരിധിവിട്ടുവെന്നും മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നുമാണ് സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ നിന്ന് ഉയർന്ന വിമർശനം. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണം തിരിച്ചടിയായെന്നും മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ പ്രകടനം മോശമെന്നും അംഗങ്ങള്‍ വിലയിരുത്തി. യോഗങ്ങളില്‍ മതമേധാവികള്‍ക്ക് അമിത പ്രാധാന്യം കൊടുത്തു. രാഷ്ട്രീയ ക്യാമ്പയിന് പകരം മത സംഘടനകളുടെ യോഗമായി മാറി എന്നും വിമര്‍ശനമുണ്ട്. ഈഴവ, പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടു. നവകേരള സദസ്സ് ധൂര്‍ത്ത് ആയി മാറി. പരിപാടിക്കായി നടന്നത് വലിയ പണപ്പിരിവാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും വിമര്‍ശനമുയര്‍ന്നു.
മതന്യൂനപക്ഷ വോട്ടുകള്‍ക്കൊപ്പം പരമ്പരാഗത വോട്ടുകളും നഷ്ടപ്പെട്ടു എന്നാണ് സിപിഐഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. പാര്‍ട്ടിയുടെ കേഡര്‍ വോട്ടുകള്‍ വരെ ബിജെപിയിലേക്ക് പോയെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തിയിരുന്നു. പൊളിറ്റ്ബ്യൂറോയും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തുകയും പാർട്ടിക്കെതിരായ വികാരം താഴെ തട്ടിൽ മനസിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കണമെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. തുടർച്ചയായ രണ്ടാം ലോക്സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന് പഠിക്കണമെന്നും പിബിയിൽ വിലയിരുത്തലുണ്ടായിരുന്നു.