ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 29 ആയി. ആശുപത്രികളില്‍ ചികിത്സയിലുള്ള ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, വിഷമദ്യ ദുരന്തത്തിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. തമിഴ്നാട്ടില്‍ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ വിഷമദ്യ ദുരന്തത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.
അതേസമയം, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. മരണ സംഖ്യ 30 കടന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
വിഷ മദ്യ ദുരന്തത്തില്‍ 60ലധികം പേർ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള ഒമ്പതു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. വിഷമദ്യ ദുരന്തമല്ലെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. എസ്പിയെ സസ്പെൻഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.
മദ്യം വിതരണം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.