ന്യൂഡല്‍ഹി: ഒഡിഷയിലെ കട്ടക്കില്‍നിന്നുള്ള ബി.ജെ.പി. എം.പി. ഭര്‍തൃഹരി മഹ്താബിനെ 18-ാം ലോക്സഭയിലെ പ്രോ ടേം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞയില്‍ പ്രോ ടേം സ്പീക്കറെ സഹായിക്കാന്‍ എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.ആര്. ബാലു, രാധാമോഹന്‍സിങ്, ഫഗ്ഗന്‍സിങ് കുലസ്തെ, സുദീപ് ബന്ധോപാധ്യായ എന്നിവരേയും രാഷ്ട്രപതി ചുമതലപ്പെടുത്തിയതായി പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
ജൂണ്‍ 24 മുതല്‍ ജൂലായ് മൂന്നുവരെയാണ് 18-ാമത് ലോക്സഭയുടെ ആദ്യസമ്മേളനം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ പ്രോ ടേം സ്പീക്കര്‍ക്കുമുന്നില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. ആറുതവണ ബി.ജെ.ഡി. ടിക്കറ്റില്‍ കട്ടക്കില്‍നിന്ന് വിജയിച്ച ഭര്‍തൃഹരി മഹ്താബ്, ഇത്തവണ ബി.ജെ.പി. ടിക്കറ്റിലാണ് ഇതേ സീറ്റില്‍നിന്ന് വിജയിച്ചത്.