Monday, December 30, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധം; വി ഡി സതീശന്‍

കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധം; വി ഡി സതീശന്‍

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദളിത് വിഭാഗത്തില്‍പ്പെട്ട കൊടിക്കുന്നിലിനെ പ്രോടെം സ്പീക്കര്‍ ആക്കാത്ത നടപടി ബിജെപിയും സംഘപരിവാറും പിന്തുടരുന്ന വിഭാഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷിനോട് കാട്ടിയ അനീതി കേരളത്തോടുള്ള ബിജെപിയുടെ അവഗണനയും അവഹേളനവുമാണ്. ബിജെപിയുടെ ദളിത് വിരുദ്ധ മുഖമാണ് ഒരിക്കല്‍ കൂടി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോ ടെം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബിജെപിയുടെ മറുപടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

പാർലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ്വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോകസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ച് വർഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയിൽപ്പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാൻ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്റെ പിന്നിൽ. ബിജെപി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യം കൊടിക്കുന്നിൽ സുരേഷായിരിക്കും പ്രോ ടെം സ്പീക്കറെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ പതിനെട്ടാം ലോക്സഭയുടെ പ്രോ ടെം സ്പീക്കറായി ഭ‍ർതൃഹരി മഹ്താബിന്റെ പേരാണ് പ്രഖ്യാപിച്ചത്. ഭ‍ർതൃഹരി മഹ്താബിന്റെ നിയമനത്തിന് രാഷ്ട്രപതി ദൗപതി മുർമു അംഗീകാരം നൽകിയതോടെയാണ് പ്രഖ്യാപനം നടന്നത്. ഇതിനെതിരെ കോൺ​ഗ്രസും ഇൻഡ്യ മുന്നണി നേതാക്കളും രം​ഗത്തെയിരിക്കുകയാണ്.

ബിജെഡിയിൽ നിന്ന് ബിജെപിയിലെത്തിയ നേതാവാണ് ഭർതൃഹരി മഹ്താബ്. ഇത് ഏഴാം തവണയാണ് അദ്ദേഹം എംപിയാകുന്നത്. ബിഹാറിലെ കട്ടക്കിൽ നിന്നാണ് ഇക്കുറി ലോക്സഭയിലെത്തിയത്. എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷാണ് നിലവിൽ ലോക്‌സഭയിലെ സീനിയോറിറ്റിയുള്ള അംഗം. 1989 മുതല്‍ 1998 വരെയും 2009 മുതല്‍ തുടര്‍ച്ചയായും കൊടിക്കുന്നിൽ സുരേഷ് ലോക്‌സഭയില്‍ അംഗമാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com