ന്യൂഡൽഹി: NEET-UG 2024 പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ മുഖ്യ സൂത്രധാരനായ രവി അത്രിയെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF). ഗ്രേറ്റർ നോയിഡയിലെ നീംക ഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
മെഡിക്കൽ വിദ്യാഭ്യാസത്തിനായി രാജ്യത്ത് നടത്തുന്ന പ്രധാന മത്സരപരീക്ഷകളിലൊന്നായ നീറ്റിൽ ക്രമക്കേട് നടന്നതായി സംശയമുയർന്നത് ചില വിദ്യാർത്ഥികളുടെ മാർക്ക് ഒരുപോലെ വന്നതിനെ തുടർന്നായിരുന്നു. NEET-UG പരീക്ഷയിൽ 67 വിദ്യാർത്ഥികൾക്ക് 720 സ്കോർ ലഭിച്ചു. ലോജിസ്റ്റിക്കൽ പിഴവുകൾ കാരണം ചോദ്യ പേപ്പർ വിതരണം ചെയ്യാൻ ചില സെന്ററുകളിൽ കാലതാമസം വന്നതിനാലും ചില തെറ്റായ ചോദ്യങ്ങൾ ഉണ്ടായിരുന്നതിനാലും ഗ്രേസ് മാർക്ക് നൽകിയതാകാം മുഴുവൻ സ്കോർ ലഭിക്കാൻ കാരണമെന്ന് ദേശീയ പരീക്ഷാ ഏജൻസി (NTA) പ്രാഥമിക ഘട്ടത്തിൽ വിലയിരുത്തി. എന്നാൽ പട്ന പൊലീസ് നടത്തിയ അന്വേഷണത്തിൽ ചില വിദ്യാർത്ഥികൾക്ക് ചോദ്യ പേപ്പർ പരീക്ഷയ്‌ക്ക് മുൻപ് ലഭിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലായി നേരത്തെ നടന്നിട്ടുള്ള ചോദ്യ പേപ്പർ ചോർച്ച കേസുകളിൽ രവി അത്രിക്ക് പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. Solver gang എന്ന പേരിൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരിഹരിച്ച ചോദ്യ പേപ്പറുകൾ അപ്ലോഡ് ചെയ്യുന്നതാണ് ഇയാളുടെ പ്രവർത്തന രീതി. 2012ൽ നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്റെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തവരിൽ രവി അത്രിയുമുണ്ടായിരുന്നു.
മെയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷ ഏതാണ്ട് 24 ലക്ഷത്തോളം കുട്ടികളാണ് എഴുതിയത്. ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും മാതാപിതാക്കളുമടക്കം ഇതുവരെ 18 പേർ അറസ്റ്റിലായിട്ടുണ്ട്.