റായ്‌പുർ: ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ മാവോവാദി ആക്രമണത്തിൽ മലയാളി അടക്കം രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്കു വീരമൃത്യു. തിരുവനന്തപുരം നന്ദിയോട് പൊട്ടൻചിറ ഫാം ജംങ്ഷനിൽ ആർ. വിഷ്ണു (35), ശൈലേന്ദ്ര (29) എന്നിവരാണ് കൊല്ലപ്പെട്ടത്.
സി.ആർ.പി.എഫ് കോബ്ര വിഭാഗം 201 ബറ്റാലിയനിലെ ജവാന്മാരാണ് ഇരുവരും. ഏതാനും സി.ആർ.പി.എഫ് സൈനികർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. രഘുവരൻ – അജിത കുമാരി ദമ്പതികളുടെ മകനാണ് ആർ. വിഷ്ണു. ഭാര്യ: നിഖില. ആറും മൂന്നും വയസുള്ള രണ്ട് ആൺകുട്ടികളുണ്ട്.
വൈകിട്ട് മൂന്ന് മണിയോടെ തിമ്മപുരം ഗ്രാമത്തിലെ തേകൽഗുഡേം സൈനിക ക്യാമ്പിനും സിലഗെറിനും ഇടയിലാണ് ആക്രമണം നടന്നത്. സൈനികര്‍ സഞ്ചരിച്ച ട്രക്ക് കടന്നു പോകുന്ന വഴിയിൽ മാവോവാദികൾ സ്ഥാപിച്ച കുഴിബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.