ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ജെ.പി. നദ്ദയെ രാജ്യസഭ നേതാവായി തെരഞ്ഞെടുത്തു. രാസവള വകുപ്പിന്റെ ചുമതലയും നദ്ദക്കാണ്. പീയുഷ് ഗോയലിന്റെ പിൻഗാമിയായാണ് രാജ്യസഭ നേതാവായി നദ്ദ എത്തുന്നത്. രണ്ടാം മോദി സർക്കാരിൽ പീയുഷ് ഗോയൽ ആയിരുന്നു രാജ്യസഭ നേതാവ്.
2020 മുതൽ ബി.ജെ.പിയുടെ ദേശീയ പ്രസിഡന്റാണ് നദ്ദ. തൽകാലത്തേക്ക് അദ്ദേഹം ഈ പദവി ഒഴിയില്ലെന്നാണ് റിപ്പോർട്ട്.കാരണം സംസ്ഥാനങ്ങളിലെ സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയായതിനു ശേഷമേ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുകയുള്ളൂ. അതിന് ആറുമാസം സമയമെടുക്കും. അതിനാൽ അടുത്ത ഡിസംബർ-ജനുവരി മാസങ്ങളിലായിരിക്കും പുതിയ നേതാവിനെ തെരഞ്ഞെടുക്കുകയുള്ളൂ.
നിയമബിരുദധാരിയായ നദ്ദ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. വൈകാതെ യുവമോർച്ച നേതാവായി മാറി. 2012ലാണ് ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2014 മുതൽ ബി.ജെ.പിയുടെ പാർലമെന്ററി ബോർഡ് അംഗമാണ്. ഹിമാചൽ പ്രദേശ് എം.എൽ.എയായും പ്രവർത്തിച്ചു. ഇക്കുറി ഗുജറാത്തിൽ നിന്നാണ് നദ്ദ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.