കൊല്‍ക്കത്ത: ഇന്ത്യയൊരു ഹിന്ദു രാഷ്ട്രമല്ലെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍. ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലായിരുന്ന സമയത്തെന്നപോലെ വിചാരണ കൂടാതെയുള്ള തടങ്കൽ രാജ്യത്ത് വ്യാപകമാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്ര’മല്ല എന്നത് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ മാത്രമേ പ്രതിഫലിച്ചിട്ടുള്ളൂ,” യു.എസില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ സെന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ബംഗാളി വാർത്താ ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി. “ഓരോ തെരഞ്ഞെടുപ്പിന് ശേഷവും ഞങ്ങൾ എപ്പോഴും ഒരു മാറ്റം കാണുമെന്ന് പ്രതീക്ഷിക്കുന്നു. ആളുകളെ വിചാരണ കൂടാതെ ജയിലിൽ അടയ്ക്കുക, പണക്കാരനും ദരിദ്രനും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുക തുടങ്ങിയ ചില കാര്യങ്ങൾ ഇപ്പോഴും തുടരുകയാണ്. അത് നിശ്ചയമായും അവസാനിപ്പിക്കേണ്ടതുണ്ട്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഒരു മതേതര ഭരണഘടനയുള്ള മതേതര രാജ്യമായിരിക്കുമ്പോൾ, രാഷ്ട്രീയമായി തുറന്ന മനസ്സുള്ളവരായിരിക്കേണ്ടത് ആവശ്യമാണെന്നും സെന്‍ പറഞ്ഞു.